
തിരുവനന്തപുരം : ഒരേ സ്വഭാവമുള്ള അഞ്ചുവകുപ്പുകൾ ഏകോപിപ്പിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് ഒറ്റവകുപ്പാക്കുന്ന നടപടികൾ അന്തിമഘട്ടത്തിൽ. ഫെബ്രുവരി മൂന്നാം വാരം വകുപ്പ് ഏകീകരണത്തിന്റെ പ്രഖ്യാപനവും സംസ്ഥാന ഓഫീസിന്റെ ഉദ്ഘാടനവും നടക്കും. വകുപ്പ് ഏകീകരണവുമായി ബന്ധപ്പെട്ട സ്‌പെഷ്യൽ റൂൾസിന്റെ പി.എസ്.സി പരിശോധന ഏകദേശം പൂർത്തിയായി. ഇത് സംബന്ധിച്ച അംഗീകാരം പി.എസ്.സിയിൽ നിന്ന് ഉടൻ ലഭിക്കുമെന്നും മന്ത്രി എം.വി. ഗോവിന്ദൻ
പറഞ്ഞു. ഏകീകരണത്തിന്റെ ഭാഗമായി കൊട്ടാരക്കര സി.എച്ച്.ആർ.ഡിയിൽ സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പഞ്ചായത്ത്, നഗര-ഗ്രാമാസൂത്രണം, നഗരകാര്യം, ഗ്രാമവികസനം, തദ്ദേശ എൻജിനിയറിംഗ് എന്നീ വകുപ്പുകളാണ് ഒന്നായി മാറുന്നത്. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചുള്ള നൂറുദിന പരിപാടിയിൽ ഉൾപ്പെട്ടതാണ് ഏകീകരണം. ഇക്കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഏകീകരണത്തിന് മന്ത്രിസഭായോഗം അംഗീകാരം നൽകിയത്.