തിരുവനന്തപുരം: മകളെ പുലർച്ചെ വീട്ടിനുള്ളിൽ കാണാനെത്തിയ യുവാവിനെ പിതാവ് കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൊല്ലപ്പെട്ട അനീഷ് പ്രതിയുടെ വീട്ടിലേക്കുവന്ന വഴി കേന്ദ്രീകരിച്ച് അന്വേഷണം. സംഭവദിവസം രാത്രി രണ്ടിന് മുമ്പ് അനീഷ് പെൺകുട്ടിയുടെ വീട്ടിൽ എത്തിയിരുന്നതായും ഒരുമണിക്കൂറോളം കഴിഞ്ഞാണ് അനീഷിനെ പെൺകുട്ടിയുടെ അച്ഛൻ കണ്ടതെന്നുമാണ് പൊലീസിന്റെ നിഗമനം. പിറകുവശത്തുകൂടി വന്ന അനീഷ് അടുക്കളവാതിൽ വഴിയാണ് വീട്ടിൽ കയറിയത്. സമീപത്തെ വീടുകളിൽ സി.സി.ടിവി കാമറകളുണ്ടെങ്കിൽ അതും പരിശോധിക്കും.
മകനെ പെൺകുട്ടിയുടെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തിയതാണെന്നാണ് അനീഷിന്റെ കുടുംബം ആരോപിക്കുന്നത്. എന്നാൽ പൊലീസ് ഇക്കാര്യം നിഷേധിക്കുന്നു. രാത്രി ഒന്നരവരെ അനീഷും പെൺകുട്ടിയും ഫോണിൽ സംസാരിച്ചിരുന്നു. ഇതിനുശേഷമാണ് അനീഷ്
പെൺകുട്ടിയുടെ വീട്ടിലെത്തുന്നത്. അനീഷ് അവിടെ വഴക്കുണ്ടായതറിഞ്ഞ് വന്നതല്ലെന്നാണ് പൊലീസ് പറയുന്നത്. പുലർച്ചെ മൂന്നോടെയാണ് അനീഷ് മകളുടെ മുറിയിലുണ്ടെന്ന് പ്രതി സൈമൺ ലാലൻ അറിയുന്നത്. ഇതും മുൻവൈരാഗ്യവുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് കരുതുന്നത്. കൂടുതൽ വിവരങ്ങൾ വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ വ്യക്തമാവുകയുള്ളൂവെന്നും പൊലീസ് പറഞ്ഞു. രണ്ട് കുടുംബങ്ങളിലുള്ളവരുടെയും മൊഴികളിലെ വൈരുദ്ധ്യം കാരണം ഇവരെ വീണ്ടും ചോദ്യം ചെയ്യും.പ്രതിയായ സൈമൺ ലാലനെ കസ്റ്റഡിയിൽ ലഭിക്കാൻ പേട്ട പൊലീസ് നൽകിയ അപേക്ഷ രണ്ട് ദിവസത്തിനുള്ളിൽ കോടതി പരിഗണിച്ചേക്കും.