siva

ശിവഗിരി :അന്ധകാരത്തിലെ പ്രകാശമാണ് ഗുരുവാക്യങ്ങളെന്ന് മന്ത്രി ആന്റണിരാജു പറഞ്ഞു.89 -ാമത് ശിവഗിരി തീർത്ഥാടനത്തിന്റെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആത്മീയമായ അറിവുകളും നവീന അന്വേഷണങ്ങളുമാണ് ശിവഗിരി തീർത്ഥാടനത്തിന്റെ അന്തഃസത്ത. ഭൗതിക ശാസ്ത്രം എത്ര പുരോഗമിച്ചാലും സനാതന സത്യത്തെ വിസ്മരിച്ച് മുന്നോട്ടുപോകാനാവില്ലെന്ന് ഗുരു പറഞ്ഞിരുന്നു. അവനവനിലെ പുരോഗതിയെ തിരിച്ചറിയാനാണ് തീർത്ഥാടനത്തിലൂടെ ഗുരു ലക്ഷ്യമിട്ടത്. ഉണ്ണാനും ഉടുക്കാനും ഉറങ്ങാനുമില്ലാത്ത പാർശ്വവത്കരിക്കപ്പെട്ട ജനസമൂഹത്തിന്റെ ഉന്നമനത്തിനാണ് ഗുരു ശബ്ദമുയർത്തിയത്.വർഗീയതയെയും ജാതീയതയെയും കുഴിച്ചുമൂടിയ മണ്ണാണ് കേരളം. .ഗുരു സൃഷ്ടിച്ച കൊടുങ്കാറ്റാണ് നവോത്ഥാനത്തിന്റെ പാതയൊഒരുക്കിയത്.ആ പാതയിലൂടെ സഞ്ചരിക്കാനാണ് കാലഘട്ടം നമ്മോട് ആവശ്യപ്പെടുന്നത്. എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും ആദരിക്കാൻ പഠിപ്പിച്ചയാളാണ് ഗുരു.കേരളം ലോകത്തിന് സമർപ്പിച്ച മനീഷിയാണ് ഗുരുദേവനെന്നും മന്ത്രി പറഞ്ഞു.

.ഗുരുവിന്റെ വാക്യങ്ങളെല്ലാം സൂര്യചന്ദ്രന്മാർ ഉള്ളിടത്തോളം നിലനിൽക്കുമെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. വർഗീയതയുടെ വിഷവിത്തുകൾ വിതറാനുള്ള ശ്രമാണ് ഇപ്പോൾ നടക്കുന്നത്.മനസുകളിൽ വിഷം കലർത്താൻ കാത്തിരിക്കുന്നവരെ

തുരത്തണമെന്നും അദ്ദേഹം പറഞ്ഞു.

ഗുരുദേവന്റെ ജാതിയില്ലാ ദർശനത്തിന്റെ ചിന്ത എന്നത്തേയും വിപ്ലവമാണെന്ന് ബിനോയ് വിശ്വം എം.പി പറഞ്ഞു. . താൻ ജീവിച്ച കാലത്തെ അനാചാരങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ച വിപ്ലവകാരിയാണ് ശ്രീനാരായണഗുരു. അർത്ഥവത്തായ അന്വേഷണമായി തീർത്ഥാടനം മാറണമെന്നും അദ്ദേഹം പറഞ്ഞു.
കുറ്റമറ്റ ക്രമസമാധാന പരിപാലനത്തിനുളള ശിവഗിരിമഠത്തിന്റെ ഉപഹാരം വർക്കല ഡി.വൈ .എസ്.പി പി .നിയാസിന് മന്ത്രി ആന്റണിരാജു സമ്മാനിച്ചു.വി.ജോയി എം.എൽ.എ, വർക്കല മുനിസിപ്പൽ ചെയർമാൻ കെ.എം.ലാജി, ഹരിശങ്കർ ,മുൻ എം.എൽ.എ വർക്കല കഹാർ, എം.ലിജു,സൗത്ത് ഇന്ത്യൻ വിനോദ്,അഞ്ചയിൽ രഘു,കുറിച്ചി സദൻ,സ്വാമി വിശാലാനന്ദ എന്നിവർ പങ്കെടുത്തു. സ്വാമി ഋതംഭരാനന്ദ സ്വാഗതവും സ്വാമി ഗുരുപ്രസാദ് നന്ദിയും പറഞ്ഞു.