തിരുവനന്തപുരം: ഭിന്നശേഷി കമ്മിഷന്റെ ഉത്തരവ് അനുസരിക്കില്ലെന്ന് രേഖാമൂലം മറുപടി നൽകിയ നഗരകാര്യ ഡയറക്ടർ ഡോ. രേണുരാജിന് ഭിന്നശേഷി കമ്മിഷണർ എസ്.എച്ച്. പഞ്ചാപകേശന്റെ കാരണം കാണിക്കൽ നോട്ടീസ്.
ഭിന്നശേഷി അവകാശ നിയമപ്രകാരമുള്ള പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കാതിരിക്കാനും കേന്ദ്ര സർക്കാരിന്റെ പഴ്സണൽ മന്ത്രാലയം, യു.പി.എസ്.സി, സംസ്ഥാന ചീഫ് സെക്രട്ടറി എന്നിവർക്ക് റിപ്പോർട്ട് ചെയ്യാതിരിക്കാനും എന്തെങ്കിലും കാരണമുണ്ടെങ്കിൽ 15 ദിവസത്തിനകം മറുപടി നൽകണമെന്നാണ് നോട്ടീസിലുള്ളത്.
സംസ്ഥാന സർക്കാരിന്റെ സ്ഥലംമാറ്റ ഉത്തരവുകൾ ലംഘിച്ച് തിരുവല്ല മുനിസിപ്പാലിറ്റിയിൽ നാലുവർഷമായി ജോലി ചെയ്യുന്ന റവന്യു ഇൻസ്‌പെക്ടറെ മാറ്റി പകരം വിരമിക്കാൻ അഞ്ചുമാസം മാത്രം ബാക്കിയുള്ള തിരുവല്ല സ്വദേശിയായ ഭിന്നശേഷിക്കാരനായ ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന ഉത്തരവാണ് അനുസരിക്കില്ലെന്ന് വ്യക്തമാക്കി ഡയറക്ടർ മറുപടി നൽകിയത്.