cc

തിരുവനന്തപുരം: അമ്പൂരിയിലെ പുരവിമലയിലെ ആദിവാസികൾക്കായി ഗാന്ധിഗ്രാം പദ്ധതിയിലുൾപ്പെടുത്തി നിരവധി പദ്ധതികൾ പ്രഖ്യാപിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വീടില്ലാത്ത രാധാമണിയ്ക്ക് 6 ലക്ഷം രൂപ ചെലവിൽ മൂന്നു മാസത്തിനകം വീടു വച്ച് നൽകും. മൂന്ന് നിർദ്ധന വനിതകളുടെ വിവാഹത്തിന് ധനസഹായം നൽകുന്നത് കൂടാതെ വിദ്യാർത്ഥികൾക്ക് യൂണിഫോമും സഞ്ചരിക്കാൻ വാനും നൽകും. വിഷ്ണു പ്രിയയ്ക്ക് എം.കോം പഠനത്തിനുള്ള സഹായം നൽകും.

ആദിവാസികൾക്കൊപ്പം പുതുവർഷം ആഘോഷിക്കുന്ന പതിവിന് മാറ്റം വരുത്താതെ ഇത്തവണ ചെന്നിത്തല തിര‌ഞ്ഞെടുത്തത് പുരവിമല ഊരായിരുന്നു. 2007ൽ കെ.പി.സി.സി പ്രസിഡന്റായിരിക്കെ തുടങ്ങിയതാണ് പുതുവർഷദിനത്തിലെ ഗാന്ധിഗ്രാമം പരിപാടിയുടെ ഭാഗമായുള്ള ആദിവാസി ഊരുകളിലെ സന്ദർശനം.

ഇന്നലെ രാവിലെ പത്തോടെ എത്തിയ ചെന്നിത്തലയ്ക്കൊപ്പം മകൻ ഡോ. രോഹിത്തും ഒപ്പമുണ്ടായിരുന്നു. പത്ത് കുട്ടികൾക്ക് ടാബും ബിരുദം പൂർത്തിയാക്കിയ രണ്ട് പേർക്ക് ലാപ്പ് ടോപ്പും നൽകി. വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെയും കോളനിയിൽ വിദ്യാഭ്യാസ പ്രവർത്തനം നടത്തുന്ന ഉഷ ടീച്ചറെയും ആദരിച്ചു.

ആദിവാസികളുടെ പ്രശ്നങ്ങൾ വകുപ്പു മന്ത്രിമാരുമായി ചർച്ച നടത്തി പരിഹരിക്കുമെന്ന് ഉറപ്പ് നൽകി. ആദിവാസി മൂപ്പൻമാർക്കൊപ്പം ഉച്ച ഭക്ഷണം കഴിച്ചശേഷമാണ് ചെന്നിത്തലയും സംഘവും മടങ്ങിയത്‌.

ആദിവാസി ഫണ്ട് തട്ടിയെടുക്കുന്നു

ആദിവാസി ഫണ്ട് തട്ടിയെടുക്കുന്ന മാഫിയയുണ്ടെന്ന് പൊതുസമ്മേളനത്തിൽ രമേശ് ചെന്നിത്തല പറഞ്ഞു. കോളനിയിലെ അടിസ്ഥാന സൗകര്യം എത്രയും വേഗം പൂർത്തിയാക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്നും ചെന്നിത്തല പറഞ്ഞു. അമ്പൂരി മുൻപഞ്ചായത്ത് പ്രസിഡന്റ് പി.എ. എബ്രഹാം അദ്ധ്യക്ഷനായിരുന്നു. ഡി.സി.സി പ്രസിഡന്റ് പാലോട് രവി, ആദിവാസി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സി.കെ. കൃഷ്ണൻ, ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.കെ. ഷാജു, മുൻ എം.എൽ.എ എ.ടി. ജോർജ്, കെ.പി.സി.സി ഭാരവാഹികളായ മൺവിള രാധാകൃഷ്ണൻ,കരകുളം കൃഷ്ണപിള്ള, ജ്യോതികുമാർ ചാമക്കാല, എസ്.കെ. അശോക് കുമാർ, ആർ. വത്സലൻ, അഡ്വ. സി.ആർ. പ്രാണകുമാർ, എ.കെ. ശശി തുടങ്ങിയവർ പങ്കെടുത്തു.