
തിരുവനന്തപുരം: കൊവിഡ് കാലത്തും മുടങ്ങാതെ വെളിച്ചെണ്ണ ഉൾപ്പെടെയുള്ള ഉത്പന്നങ്ങൾ വിപണിയിലെത്തിച്ച കേര ഫെഡിന് 2020-21 സാമ്പത്തിക വർഷത്തിൽ 13 കോടി രൂപയുടെ ലാഭം. 2019-20ൽ അറ്റ ലാഭം 6.4 കോടിയായിരുന്നു. ഒരു വർഷത്തിനുള്ളിൽ ഇരട്ടി ലാഭം നേടാനായത് സ്ഥാപനത്തിന് പുത്തനുണർവ് പകർന്നിട്ടുണ്ട്. നാലു വർഷം മുൻപ് 28 കോടിയുടെ നഷ്ടത്തിലായിരുന്നു. അവിടെ നിന്നാണ് ലാഭത്തിലേക്കുള്ള ചുവടുവയ്പ്പ്. ജീവനക്കാരുടെ കഠിന പ്രയത്നവും മാനേജ്മെന്റിന്റെ നിരന്തര പരിശ്രമവുമാണ് ഇതിന് പിന്നിൽ. കൊവിഡ് കാലത്ത് വെളിച്ചെണ്ണ കൂടുതൽ ഉത്പാദിപ്പിച്ചു. അവ കടകളിലെത്തിക്കാൻ വിതരണക്കാരും സഹായിച്ചു. കഴിഞ്ഞ ഒക്ടോബറിൽ 25 ദിവസത്തോളം സമരം കാരണം ഉത്പന്നങ്ങളുടെ വിപണനത്തിന് അല്പം പ്രശ്നം നേരിട്ടെങ്കിലും രണ്ടുമാസം കൊണ്ട് അത് നികത്താനായി.
വെളിച്ചെണ്ണ: 10 രൂപ
കുറച്ചു, ഇനിയും കുറയും
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ വെളിച്ചെണ്ണയുടെ വില പത്തു രൂപ കുറച്ച് കിലോയ്ക്ക് 205 രൂപയാക്കി. കൊപ്രയുടെ വരവ് വർദ്ധിച്ചതോടെയാണിത്.
പ്രതിമാസം 2000 ടൺ കൊപ്രയാണ് വെളിച്ചെണ്ണ ഉത്പാദനത്തിനും മറ്റുമായി എടുക്കുന്നത്. സർക്കാർ പച്ചതേങ്ങാ സംഭരണം ആരംഭിക്കുന്നതും കേര ഫെഡിന് ഗുണകരമാകുമെന്ന് ചെയർമാൻ അഡ്വ. ജെ. വേണുഗോപാലൻ നായർ പറഞ്ഞു.
നിലവിലെ ട്രെൻഡ് നിലനിൽക്കുകയാണെങ്കിൽ വെളിച്ചെണ്ണ വില ഇനിയും കുറയുമെന്ന് എം.ഡി ആർ.അശോക് വ്യക്തമാക്കി.
കേര ഫെഡിന്റെ 
ഉത്പന്നങ്ങൾ
വെളിച്ചെണ്ണ, ഫോർട്ടിഫൈഡ് വെളിച്ചെണ്ണ, തേങ്ങാപ്പാൽപ്പൊടി, ബേബി കെയർ ഓയിൽ, ചിരകിയ തേങ്ങ, ഹെയർ ഓയിൽ