nss

കാട്ടാക്കട: സാമൂഹ്യ പരിഷ്‌കർത്താവും സമുദായ ആചാര്യനുമായ മന്നത്ത് പത്മനാഭന്റെ 145-ാം ജയന്തി കാട്ടാക്കട എൻ.എസ്.എസ് താലൂക്ക് യൂണിയന് കീഴിലുള്ള ശാഖകളിൽ വൈവിദ്ധ്യമാർന്ന പരിപാടികളോടെ നടന്നു. യൂണിയനു കീഴിലെ 98 കരയോഗ ആസ്ഥാനങ്ങളിൽ പതാക ഉയർത്തിയും നിലവിളക്ക് തെളിച്ചും സത്യപ്രജ്ഞ ചൊല്ലിയും ആഘോഷമാക്കി. കരയോഗ അംഗങ്ങളും വനിതാസമാജം - പോഷക സംഘടനാ ഭാരവാഹികളും ചടങ്ങുകൾക്ക് നേതൃത്വം നൽകി. താലൂക്ക് ആസ്ഥാനത്ത് നടന്ന പരിപാടിയിൽ യൂണിയൻ പ്രസിഡന്റ് ബി.ചന്ദ്രശേഖരൻ നായർ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.

തുടർന്ന് യൂണിയൻ ഭാരവാഹികൾ പുതിയതായി പണികഴിപ്പിച്ച യൂണിയൻ ഹാളിലെ ആചാര്യന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് വാഴിച്ചൽ ഗോപാലകൃഷ്ണൻ നായർ, ഇൻസ്പെക്ടർ സുരേഷ് കുമാർ,പ്രതിനിധി സഭാംഗങ്ങൾ,യൂണിയൻ ഭരണസമിതി അംഗങ്ങളായ എം.മഹേന്ദ്രൻ,ജയകുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

പൂവച്ചൽ കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ അമ്പലം ജംഗ്ഷനിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് എ.സുകുമാരൻ നായർ ഭദ്രദീപം തെളിച്ച് പുഷ്പാർച്ചന നടത്തി. സെക്രട്ടറി എം.എസ്.രാകേഷ്, എം.രാജഗോപാലൻ നായർ, പി.വിക്രമൻ നായർ, ബി.മോഹനൻ നായർ എന്നിവർ നേതൃത്വം നൽകി.