
നെയ്യാറ്റിൻകര: നവീകരണം നടത്തിയിട്ട് അധികനാൾ ആയിട്ടില്ല, അപ്പോഴേക്കും റോഡിന്റെ പല ഭാഗങ്ങളും തകർന്നു. നെയ്യാറ്റിൻകര നഗരസഭയിലെ നിലമേൽ കോൺവെന്റ് റോഡ് മുതൽ കാവുവിള, മണലൂർ വഴി കൊന്നമൂട്ടിൽ എത്തിച്ചേരുന്ന ഇടറോഡാണ് പലയിടത്തും ടാറിളകിത്തെറിച്ച് പൊട്ടിപ്പൊളിഞ്ഞ് നാശമായിട്ടുളളത്.
നിർമ്മാണത്തിലെ അപാകതയാണ് റോഡ് തകരുന്നതിനിടയാക്കിയതെന്നാരോപിച്ച് പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്തെത്തി. നെയ്യാറ്റിൻകര ബസ് സ്റ്റാൻഡ് ജംഗ്ഷനിൽ നിന്നും കൊടങ്ങാവിള, മൂന്നുകല്ലിൻമൂട് റോഡിലേക്കുള്ള പ്രധാന എളുപ്പവഴിയാണ് രണ്ടരക്കിലോമീറ്ററോളം ദൂരമുളള ഈറോഡ്. കരമന-കളിയിക്കാവിള ദേശീയപാതയിൽ ഗതാഗത പ്രശ്നങ്ങളുണ്ടാകുമ്പോൾ കെ.എസ്.ആർ.ടി.സി ഒഴികെയുളള വാഹനങ്ങളെല്ലാം ഇതുവഴിയാണ് വഴി തിരിച്ച് വിട്ടിരുന്നത്. നെയ്യാറ്റിൻകര ടൗണിൽ നിന്നും കൊടങ്ങാവിള, കമുകിൻകോട്, അവണാകുഴി, നെല്ലിമൂട് തുടങ്ങിയ ഭാഗങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന റോഡാണിത്. കാവുവിള മുതൽ മണലൂർ വരെയുളള റോഡിന്റെ ഒരു കിലോമീറ്ററോളം ദുരമാണ് റോഡിലെ മെറ്റലെല്ലാം ഇളകിത്തെറിച്ച് നാശമായിട്ടുളളത്. മെറ്റലെല്ലാം ഇളകിയതിനാൽ വാഹനങ്ങൾ കടന്നുപോകുമ്പോൾ ഇവിടെ പൊടിപടലവും രൂക്ഷമാണ്.
വയൽ പ്രദേശം ഉൾപ്പെടുന്ന സ്ഥലത്തെ ചിലയിടങ്ങളിൽ വെളളത്തിന്റെ ഊറ്റിറങ്ങുന്നത് റോഡ് തകരുന്നതിന് കാരണമായും പറയപ്പെടുന്നു. റോഡ് അടിയന്തരമായി നവീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
** ഓടയും ഇല്ല
മണലൂർ മുതൽ കാവുവിള പളളി വരെയുളള റോഡിന്റെ ഒരു വശത്തുമാത്രമേ ഇവിടെ ഓടയുള്ളു. ഇരുവശവും ഓടകളില്ലാത്തതാണ് റോഡ് ഇത്തരത്തിൽ പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമാകാൻ കാരണമെന്നാണ് പറയുന്നത്. മഴ പെയ്യുമ്പോൾ വെള്ളം ഒഴുകിപ്പോകാൻ കഴിയാതെ റോഡിൽ കെട്ടിനിൽക്കുന്നത് റോഡിന്റ വശങ്ങളെല്ലാം തകരുന്നതിനിടയാക്കുന്നുമുണ്ട്. കഴിഞ്ഞ നഗരസഭാ ഭരണസമിതിയുടെ അവസാന കാലത്താണ് കോൺവന്റ് റോഡിലെ മാടൻകോവിൽ ക്ഷേത്രം മുതൽ കാവുവിള ക്ഷേത്രം വരെ ഇന്റർലോക്ക് ചെയ്തും തുടർന്ന് കൊന്നമൂട് വരെ റീടാറിംഗ് നടത്തിയുമാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്. നഗരസഭയുടെയും എം.എൽ.എയുടേതുമടക്കം 18ലക്ഷത്തോളം രൂപ ഉപയോഗിച്ചായിരുന്നു നിർമ്മാണ പ്രവർത്തനം.
തകർന്നുകിടക്കുന്നത്.... നിലമേൽ- കാവുവിള- മണലൂർ -കൊന്നമൂട് റോഡ്
ദൂരം........ 2.5 കിലോമീറ്റർ
ഇതി ഏറെ തകർന്ന് കിടക്കുന്നത് .... കാവുവിള- മണലൂർ റോഡ്
ദൂരം......... 1 കിലോമീറ്റർ
പ്രതികരണം- മരുത്തൂർ പാലം അപകടത്തിൽപ്പെട്ട സമയത്ത് കെ.എസ്.ആർ.ടി.സി ഒഴികെയുളള വാഹനങ്ങളെല്ലാം ഈ റോഡ് വഴിയാണ് കടത്തിവിട്ടിരുന്നത്. വാഹനങ്ങളുടെ ഇടതടവില്ലാത്ത യാത്രയാണ് റോഡ് ഇത്തരത്തിൽ തകരാനിടയാക്കിയത്. വിഷയം നഗരസഭയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഫണ്ട് ലഭ്യമായാലുടൻ നവീകരണ പ്രവൃത്തികൾ തുടങ്ങും-അമ്മിണിക്കുട്ടി, നിലമേൽ വാർഡ് കൗൺസിലർ