
കാട്ടാക്കട: റോഡ് നിർമ്മാണത്തിനായി എത്തിച്ച പ്ലാന്റ് മാറ്റി കൊണ്ടുപോകാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. വർഷങ്ങളായി തകർന്നുകിടക്കുന്ന റോഡിന്റെ ശോച്യാവസ്ഥയിൽ നാട്ടുകാർ പ്രതിഷേധങ്ങൾ നടത്തുന്നിനിടെയാണ് ഇന്നലെ ഉച്ചയോടെ പ്ലാന്റ് മാറ്റാൻ ശ്രമം നടത്തിയത്.
കിള്ളി - മേച്ചിറ മണലി പി.ഡബ്ലിയു.ഡി റോഡിന്റെ നിർമ്മാണത്തിന് വേണ്ടി എത്തിച്ച പ്ലാന്റാണ് ഞായറാഴ്ച ഉച്ചയോടെ രഹസ്യമായി കടത്തിക്കൊണ്ടുപോകാനായി കരാറുകാരുടെ സംഘമെത്തിയത്. 16 കോടി രൂപ ചെലവഴിച്ച് ആധുനിക രീതിയിൽ ടാർ ചെയ്യുമെന്ന് പ്രഖ്യാപിച്ച് രണ്ട് വർഷം മുൻപ് അന്നത്തെ മന്ത്രി നിർമ്മാണോദ്ഘാടനം നടത്തിയ റോഡിനാണീ ദുർഗതി. എന്നാൽ റോഡ് പണി ഇതുവരെയും ആരംഭിച്ചിട്ടില്ല.
കാട്ടാക്കട തിരുവനന്തപുരം റോഡിൽ കിള്ളി പള്ളിമുക്കിൽ നിന്ന് തുടങ്ങി മണലി മേച്ചിറ വഴി മൂങ്ങോട് എത്തി തച്ചോട്ടുകാവിലൂടെ തിരുവനന്തപുരം റോഡിൽ പ്രവേശിക്കാനാകുന്ന ഇട റോഡാണ് വർഷങ്ങളായി തകർന്നുകിടക്കുന്നത്. റോഡിന്റെ ജോലി ഉടൻ തുടങ്ങുമെന്ന് പറയാൻ തുടങ്ങിയിട്ട് നാളേറെയായി. റോഡാകട്ടെ മുഴുവനും തകർന്ന് അപകടക്കെണിയായി മാറി.
മണലി മുതൽ മൂങ്ങോട് വരെയുള്ള ഭാഗം തീർത്തും തകർന്ന് തരിപ്പണമായി. പലേടത്തും റോഡിൽ ടാറില്ല. ഈ റോഡിലൂടെ സ്വകാര്യ ഓട്ടോ - ടാക്സികൾ സർവീസ് വരാറില്ലെന്ന് നാട്ടുകാർ പറയുന്നു. ദിവസവും 15 ലേറെ സർവീസുകളുണ്ടായിരുന്ന കെ.എസ്.ആർ.ടി.സി പോലും ഇതുവഴിയുണ്ടായിരുന്ന എല്ലാ സർവീസുകളും റദ്ദാക്കി.