solar


തിരുവനന്തപുരം: കേരളത്തിൽ വൈദ്യുതി ബോർഡിൽ ആദ്യമായി സ്വകാര്യവൽക്കരണത്തിന് വാതിൽ തുറന്ന്, പാരമ്പര്യേതര ഊർജ്ജ ഉൽപ്പാദനവുമായി ബന്ധപ്പെട്ട 2,400 കോടി രൂപയുടെ പദ്ധതികൾ സ്വകാര്യ മേഖലയ്‌ക്ക് കൈമാറുന്നു. സംരംഭകരെ കണ്ടെത്താൽ ജനുവരി 5ന് തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിൽ നിക്ഷേപ സംഗമം നടത്തും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

നിർമ്മാണം പൂർത്തിയാക്കി 25 വർഷം സ്വന്തമായി നടത്തി മുടക്കു മുതൽ തിരിച്ചുപിടിച്ച ശേഷം കൈമാറുന്ന ബിൽഡ് ഓൺ ആൻഡ് ഓപ്പറേറ്റ് (ബി.ഒ.ഒ )​ രീതിയിലാണ് സ്വകാര്യവൽക്കരണം. വിഴിഞ്ഞം തുറമുഖവും തിരുവനന്തപുരം വിമാനത്താവളവും ഈ മാതൃകയിലാണ്.

പദ്ധതികൾ ഇവ

പത്ത് അണക്കെട്ടുകളിൽ ഫ്ലോട്ടിംഗ് സോളാർ പ്ലാന്റുകൾ, തിരുവനന്തപുരം,​ ഇടുക്കി,​ പാലക്കാട് ജില്ലകളിൽ കാറ്റിൽ നിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ വിൻഡ് മില്ലുകൾ, വൈദ്യുതി വിതരണം കാര്യക്ഷമമാക്കാൻ കളമശേരിയിൽ കൂറ്റൻ ബാറ്ററി എനർജി സ്റ്റോറേജ് പ്ലാന്റ് എന്നീ പദ്ധതികളാണ് സ്വകാര്യ സംരംഭകർക്ക് നൽകുന്നത്. കളമശേരി പദ്ധതി ആയിരം കോടി രൂപയുടേതാണ്. സംസ്ഥാനത്തെ വൈദ്യുതി വിതരണ ശൃംഖലയുടെ കേന്ദ്രീകൃത കൺട്രോൾ സിസ്റ്റം കളമശേരിയിലാണ്. അവിടെ ഭീമൻ സ്റ്റോറേജ് പ്ലാന്റിൽ വൈദ്യുതി സംഭരിച്ച്,​ ഗുണനിലവാരം മെച്ചപ്പെടുത്തി വിതരണ ശൃംഖലയിലേക്ക് നൽകുന്ന പദ്ധതിയാണ് വരുന്നത്.

എതിർപ്പ് മാറുന്നു

വൈദ്യുതി രംഗത്ത് നിർമ്മാണ വിതരണ മേഖല സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്രസർക്കാരിന്റെ നിയമഭേദഗതിയെ സംസ്ഥാനം എതിർത്തിരുന്നു. യൂണിയനുകളും എതിരാണ്. വൈദ്യുതി വിതരണത്തിന് സ്വകാര്യസംരംഭകരെ അനുവദിക്കാൻ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ മാനദണ്ഡങ്ങൾ പരിഷ്ക്കരിച്ചപ്പോഴും വൈദ്യുതിബോർഡും യൂണിയനുകളും സർക്കാരും സംയുക്തമായി എതിർത്തതാണ്.

വൈദ്യുതി മേഖലയിൽ സ്വകാര്യനിക്ഷേപത്തിന് ഇടതുമുന്നണിയും എതിരായിരുന്നു. എന്നാൽ മികച്ച പൊതുമേഖലാസ്ഥാപനമായിരുന്ന കെ.എസ്.ഇ.ബി പതിനഞ്ച് വർഷമായി നഷ്ടത്തിലാണ്. വൈദ്യുതി പദ്ധതികൾ പൂർത്തിയാക്കാൻ വൈകുകയും വായ്പാബാദ്ധ്യത കൂടുകയും ചെയ്യുന്നതിനാലാണ് നയം മാറ്റം.

വേറെ വഴിയില്ല

മൊത്തം വൈദ്യുതിയുടെ പത്തു ശതമാനം  പാരമ്പര്യേതര ഉൗർജ്ജം ആയിരിക്കമെന്നാണ് കേന്ദ്രനയം. ഇത് പാലിക്കാൻ സംസ്ഥാനത്തെ സോളാർ , കാറ്റ് വൈദ്യുതി ഉൽപാദനം കൂട്ടുകയോ, മറ്റ് സംസ്ഥാനങ്ങളിൽ നിന്നോ സ്വകാര്യ സോളാർ പ്ളാന്റുകളിൽ നിന്നോ വൈദ്യുതി വൻ വിലകൊടുത്ത് വാങ്ങുകയോ വേണം. അതിന് പകരം സംസ്ഥാനത്ത് സ്വകാര്യമേഖലയിൽ ഇത്തരം വൈദ്യുതി ഉൽപാദിപ്പിക്കാനാണ് ശ്രമം.

ആശങ്ക​

അണക്കെട്ടുകൾ 25 വർഷത്തേക്ക് സ്വകാര്യസംരംഭകർക്ക് വിട്ടുകൊടുക്കണം.

ഇത് സംസ്ഥാനത്തിന് ഭീഷണിയാണെന്ന് വിദഗ്ദ്ധർ പറയുന്നു.

സ്വകാര്യവൽക്കരണം

ഫ്ളോട്ടിംഗ് സോളാർ പ്ലാന്റുകൾ 700കോടി

ബാറ്ററി എനർജി സ്റ്റോറേജ് 1000 കോടി

വിൻഡ് എനർജി 700കോടി

ആകെ 2,​400കോടി

കെ.എസ്.ഇ.ബി.യുടെ സാമ്പത്തിക നില

വായ്പ 16,445 കോടി

ബാധ്യത 47,559 കോടി

നഷ്ടം 13,800കോടി

ആസ്തി 36,289 കോടി