തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപ് പ്രാബല്യത്തിലായി. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവിറങ്ങി. എന്നാൽ,​ എന്നുമുതൽ ആനുകൂല്യങ്ങൾ ലഭിച്ചുതുടങ്ങുമെന്നതും 500 രൂപാവീതം പ്രീമിയം എന്നുമുതൽ പിടിച്ചുതുടങ്ങുമെന്നതും സർക്കാർ പിന്നീട് അറിയിക്കും. ഇൗ മാസത്തെ പെൻഷനിലും ശമ്പളത്തിലും പ്രീമിയം പിടിക്കില്ല. പദ്ധതിയുമായി ബന്ധപ്പെട്ട് കോടതിയിലുള്ള കേസിൽ അന്തിമ തീർപ്പാകാത്തതും ചില സങ്കേതിക നടപടികൾ പൂർത്തിയാകാത്തതുമാണ് ആനുകൂല്യങ്ങൾ വൈകുന്നതിന് കാരണം. ആശുപത്രികളുടെ എംപാനലിംഗ്, ഏകോപനത്തിനുള്ള നോഡൽ സെൽ രൂപീകരണം, പരാതികൾ പരിഹരിക്കാൻ ത്രിതല സംവിധാനം തുടങ്ങിയവയാണ് പൂർത്തിയാകാനുള്ളത്. ഇവയെല്ലാം ഒരുമാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ശ്രമം.

മെഡിസെപിലെ വിവരങ്ങൾ തിരുത്തുന്നതിനും പരിശോധിക്കുന്നതിനുമുള്ള സമയം ഈ മാസം പത്തുവരെ നീട്ടി. പരാതികളുണ്ടെങ്കിൽ 15 വരെ പരിഹരിക്കാം. തിരുത്തലുകൾക്ക് ജീവനക്കാർ സാലറി ഡ്രോയിംഗ് ഒാഫീസർമാരെയും പെൻഷൻകാർ ട്രഷറി ഒാഫീസറെയുമാണ് സമീപിക്കേണ്ടത്. www.medisep.kerala.gov.in എന്ന വെബ്സൈറ്റ് വഴിയും ചെയ്യാം.