തിരുവനന്തപുരം: കൊച്ചാർ റോഡിലെ ജില്ലാ ഇലക്ട്രിക്കൽസ് ആൻഡ് ഇലക്ട്രോണിക്‌സ് ടെക്‌നീഷ്യൻസ് സഹകരണ സംഘത്തിന്റെ മറവിൽ കോടികൾ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതികൾ പിടിയിലായി. സംഘം ഓണററി സെക്രട്ടറി ലേഖ പി. നായർ, ഇവരുടെ ഭർത്താവും ഭരണസമിതി അംഗവുമായ കൃഷ്ണകുമാർ എന്നിവരെയാണ് ഫോർട്ട് പൊലീസ് പിടികൂടിയത്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.
സംഘത്തിലെ നിക്ഷേപ പദ്ധതികളിൽ നിന്ന് വ്യാജരേഖ ചമച്ച് കോടികൾ തട്ടിയെന്നാണ് പരാതി ഉയർന്നത്. ഇവർ പിടിയിലായതറിഞ്ഞ് കൂടുതൽപേർ പരാതിയുമായെത്തി. പലരിൽ നിന്നായി 4.5കോടിയോളം രൂപ തട്ടിയെടുന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സംഭവത്തെക്കുറിച്ച് പൊലീസ് പറഞ്ഞത്; പ്രതിമാസ നിക്ഷേപ പദ്ധതിയിൽ നിന്നുമാത്രം 80 ലക്ഷം രൂപ ഇവർ തട്ടിയെടുത്തെന്നാണ് അസി. രജിസ്ട്രാർ സർക്കാരിന് നൽകിയ റിപ്പോർട്ടിൽ പറയുന്നത്. സേവിംഗ്സ് നിക്ഷേപകരുടെ അക്കൗണ്ടുകളിൽ നിന്ന് നിക്ഷേപകർ അറിയാതെ 2.24 ലക്ഷം രൂപയും തട്ടിയെടുത്തു. സ്ഥിരനിക്ഷേപമില്ലാത്തവർക്ക് സ്ഥിര നിക്ഷേപത്തിൽ നിന്ന് ലോൺ നൽകിയതായി കാണിച്ചും പണം തട്ടിയെടുത്തിട്ടുണ്ട്.
യാതൊരു ഈടുമില്ലാതെയാണ് ഇവർ പണം കൈക്കലാക്കിയത്. പ്രവർത്തനം തുടങ്ങിയ 2013 മുതൽ ഭരണസമിതി യോഗം ചേരാതെ സഹകരണ സംഘം രജിസ്ട്രാറുടെ സർക്കുലറിന് വിരുദ്ധമായാണ് പ്രവർത്തിച്ചിരുന്നത്. കേസിൽ പ്രതികളായ അഞ്ച് ഭരണസമിതി അംഗങ്ങൾ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.