തിരുവനന്തപുരം: 15 മുതൽ 18 വയസുവരെയുള്ള കുട്ടികൾക്കുള്ള വാക്സിനേഷൻ ഇന്ന് ആരംഭിക്കും. ജില്ലയിൽ എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും ഇന്ന് രാവിലെ ഒമ്പത് മുതൽ മൂന്ന് മണി വരെ വാക്സിനേഷൻ സൗകര്യം ഉണ്ടാകും. തുടർന്ന് എല്ലാ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും വാക്സിനേഷൻ ഉണ്ടായിരിക്കും.

ഭക്ഷണം കഴിച്ചതിന് ശേഷം വാക്സിനേഷൻ കേന്ദ്രത്തിലെത്തണം. ആധാർ കാർഡോ, ആധാറില്ലെങ്കിൽ സ്‌കൂൾ ഐ.ഡി കാർഡോ ഉണ്ടാകണം. രജിസ്‌ട്രേഷൻ ചെയ്ത സമയത്തെ ഫോൺ നമ്പരും കരുതണം.

ജില്ലയിൽ 10 കേന്ദ്രങ്ങൾ

തിരുവനന്തപുരം ജനറൽ ആശുപത്രി, ഗവൺമെന്റ് ആയുർവേദ കോളേജ്, പാങ്ങപ്പാറഎ.എഫ്.എച്ച്.സി, ഫോർട്ട് താലൂക്ക് ഹോസ്പിറ്റൽ, നെയ്യാറ്റിൻകര ജനറൽ ആശുപത്രി, കേശവപുരം സി.എച്ച്.സി, ചിറയിൻകീഴ് താലൂക്ക് ആശുപത്രി, ആറ്റിങ്ങൽ താലൂക്ക് ആശുപത്രി, വർക്കല താലൂക്ക് ആശുപത്രി, വിതുര താലൂക്ക് ആശുപത്രി എന്നീ സ്ഥാപനങ്ങളാണ് തിരഞ്ഞെടുത്തിരിക്കുന്നത്. വാക്സിനേഷൻ കേന്ദ്രങ്ങൾ പെട്ടെന്ന് തിരിച്ചറിയാൻ പിങ്ക് നിറത്തിലുള്ള ബോർഡായിരിക്കും.