congress

തിരുവനന്തപുരം: പാർട്ടി പുന:സംഘടനയിൽ പാർട്ടി നേതൃത്വത്തോട് ഗ്രൂപ്പ് നേതൃത്വങ്ങൾ അനുനയപ്പെട്ടെങ്കിലും ഗവർണർ വിഷയത്തിലെ അപ്രതീക്ഷിത പോര് സൃഷ്ടിച്ച ആശയക്കുഴപ്പം ഇന്ന് ചേരുന്ന കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി യോഗത്തെ പ്രക്ഷുബ്ധമാക്കിയേക്കും. ആറ് മാസത്തെ ഇടവേള കഴിഞ്ഞാണ് ഇന്ന് രാവിലെ 10.30ന് കെ.പി.സി.സി ആസ്ഥാനത്ത് സമിതി ചേരുന്നത്.

രാഷ്ട്രപതിക്ക് ഓണററി ഡി-ലിറ്റ് നൽകാനുള്ള ശുപാർശ കേരള സർവകലാശാല തള്ളിയതാണ് ഗവർണർ- സർക്കാർ പോരിന് അടിസ്ഥാനമെന്ന രമേശ് ചെന്നിത്തലയുടെ ആരോപണവും, അതിനെ അങ്ങനെ ഏറ്റുപിടിക്കാതെയുള്ള പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ നിലപാടുമാണ് പാർട്ടി വൃത്തങ്ങളിൽ പൊടുന്നനെ ആശയക്കുഴപ്പം വിതച്ചത്. ഗവർണർ- സർക്കാർ പോരിൽ സർക്കാരിനെ പ്രതിരോധത്തിലാക്കാനുള്ള നീക്കങ്ങളുമായി യു.ഡി.എഫും കോൺഗ്രസും മുന്നേറവെയായിരുന്നു അപ്രതീക്ഷിത വഴിത്തിരിവ്.. സതീശന്റെ വിരുദ്ധ നിലപാടോടെ വെട്ടിലായത് ചെന്നിത്തലയാണ്. ഗവർണർ വിവാദത്തിൽ ബി.ജെ.പിക്ക് ആയുധമിട്ട് കൊടുക്കുന്ന അനാവശ്യ ഇടപെടലാണ് ചെന്നിത്തലയിൽ നിന്നുണ്ടായതെന്നാണ് ഔദ്യോഗിക ക്യാമ്പിന്റെ വിലയിരുത്തൽ. എന്നാൽ, വിഷയം സർക്കാരിനെതിരായ പോരിന് ഇന്ധനമാക്കുന്നതിന് പകരം പാർട്ടിക്കകത്തെ തർക്കത്തിലേക്ക് വഴിമാറ്റിയതിന് പ്രതിപക്ഷനേതാവിനെ പഴി പറയുകയാണ് ചെന്നിത്തല ക്യാമ്പ്.

സതീശന്റെ നിലപാടിൽ നീരസമുണ്ടെങ്കിലും ചെന്നിത്തല പരസ്യവിമർശനത്തിന് മുതിർന്നിട്ടില്ല. എന്നാൽ പാർട്ടിയിൽ താൻ ഒറ്റയാൾ പോരാളിയാണെന്നും താനുന്നയിച്ച വിഷയങ്ങൾ പാർട്ടിയേറ്റെടുത്തിട്ടുണ്ടെന്നുമുള്ള മുനവച്ച പ്രതികരണം അദ്ദേഹമിന്നലെ കൊച്ചിയിൽ നടത്തി. ഇന്നത്തെ രാഷ്ട്രീയകാര്യസമിതി യോഗത്തിൽ ചെന്നിത്തലയെ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങളുയരുമെന്നുറപ്പ്. ഗവർണർ- സർക്കാർ പോര് കോൺഗ്രസ് ക്യാമ്പിനെ പ്രതിരോധത്തിലാക്കുന്ന തരത്തിൽ ആഭ്യന്തരതർക്കം വഴിമാറിയത് സി.പി.എമ്മിന് ആഹ്ലാദമേകുന്നതായി.

കണ്ണൂർ സർവകലാശാലാ കേസിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് മുമ്പാകെയുള്ള കേസ് ഗവർണറെയും സർക്കാരിനെയും വെട്ടിലാക്കുന്നതാകയാൽ ,അതിൽ രാഷ്ട്രീയനേട്ടം കൊയ്യാമെന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസ് നേതൃത്വം. . അതിനിടയിൽ ഡി-ലിറ്റ് വിവാദം അനാവശ്യമായിരുന്നുവെന്നാണ് സതീശൻ ക്യാമ്പ് കരുതുന്നത്. പല കാര്യങ്ങളിലും പാർട്ടിയുമായി ആലോചിക്കാതെ സ്വന്തം തീരുമാനങ്ങളുമായി മുന്നോട്ട് പോകുന്ന രമേശ് ചെന്നിത്തല സമാന്തര പ്രതിപക്ഷനേതാവ് ചമയുകയാണോയെന്ന സന്ദേഹവും ഔദ്യോഗിക ക്യാമ്പിലുണ്ട്. ആലപ്പുഴയിൽ മുമ്പ് കുട്ടികളുടെ ക്യാമ്പിൽ സംവദിക്കവേ, മുഖ്യമന്ത്രി സ്ഥാനം താനാഗ്രഹിച്ചിരുന്നുവെന്നും പോരാട്ടം തുടരുമെന്നും ചെന്നിത്തല തുറന്നുപറഞ്ഞിരുന്നു. ചെന്നിത്തലയുടെ 'സ്വന്തം പോക്കി'ലുള്ള നീരസം കൂടിയാണ് വി.ഡി.സതീശനിൽ നിന്നുണ്ടായത്. ഇപ്പോഴത്തെ രാഷ്ട്രപതി ബി.ജെ.പിയുടെ പാർട്ടി നോമിനി മാത്രമാണെന്നും കെ.ആർ. നാരായണനെയോ എ.പി.ജെ. അബ്ദുൾകലാമിനെയോ പോലുള്ള പരിവേഷമില്ലെന്നും, അദ്ദേഹത്തിന്റെ പേരിൽ വിവാദമുയർത്തുന്നത് ബി.ജെ.പിയെ സഹായിക്കലാണെന്നും രമേശിനെതിരെ സതീശൻ ക്യാമ്പ് ഒളിയമ്പെയ്യുന്നു.