തിരുവനന്തപുരം: കേരള സംസ്ഥാന സെക്യൂരിറ്റി ആൻഡ് ഹൗസ് കീപ്പിംഗ് എംപ്ലോയീസ് ഫെഡറേഷന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ സെക്യൂരിറ്റി തൊഴിലാളികൾ നടത്തിവന്ന ധർണ അവസാനിപ്പിച്ചു. എക്‌സൈസ് മന്ത്രി എം.വി.ഗോവിന്ദനുമായുള്ള ഫെഡറേഷൻ ഭാരവാഹികളുടെ ചർച്ചയ്ക്ക് ശേഷമാണ് സമരം അവസാനിപ്പിച്ചത്. തൊഴിലാളികളുടെ ആവശ്യങ്ങൾ പരിഗണിക്കുമെന്നും ബിവറേജസ് തൊഴിലാളികളെ സംരക്ഷിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി. ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.എഫ്.ഡേവീസ്, ട്രഷറർ ആർ.വി.ഇക്ബാൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ധർണയുടെ സമാപനദിനം ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.എഫ്.ഡേവീസ് ഉദ്ഘാടനം ചെയ്തു. ഡിസംബർ 29ന് ബിവറേജസ് എം.ഡിയുടെ ഓഫീസിന് മുന്നിലാരംഭിച്ച സമരം ഇന്നലെ സെക്രട്ടേറിയറ്റിന് മുന്നിലേക്ക് മാറ്റുകയായിരുന്നു. ബിവറേജസ് എം.ഡി ശ്യാം സുന്ദറിന്റെ തെറ്റായ തീരുമാനങ്ങൾ പിൻവലിക്കണമെന്നതായിരുന്നു പ്രധാന ആവശ്യം. മടവൂർ അനിൽ, വി.ഹരിദാസ്, കെ.ടി.ബാലകൃഷ്ണൻ, തെരുവത്ത് നാരായണൻ, ടി.ശ്രീകുമാർ, കെ.അജയൻ, വൃന്ദാറാണി, എസ്.സുകുമാർ എന്നിവർ പങ്കെടുത്തു.