 ഷീറ്റിട്ട ഷെഡും കത്തിനശിച്ചു  5 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം

 കടയുടെ പ്രവർത്തനം ലൈസൻസില്ലാതെ  10 ലക്ഷം രൂപയുടെ നഷ്ടമെന്ന് ഉടമ

തിരുവനന്തപുരം: കിള്ളിപ്പാലം പി.ആർ.എസ് ആശുപത്രിക്ക് സമീപം ആറ്റുകാൽ ക്ഷേത്രത്തിലേക്കുള്ള ബണ്ട് റോഡിലുള്ള ആക്രി ഗോഡൗൺ കത്തിനശിച്ചു. ഇന്നലെ രാവിലെ 11.30ഓടെയായിരുന്നു അപകടം. ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് അഞ്ച് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ വൈകിട്ട് നാലരയോടെയാണ് തീ പൂർണമായും കെടുത്തിയത്.

ബണ്ട് റോഡുവഴി ആറ്റുകാൽ ഭാഗത്തേക്കുള്ള ഗതാഗതം വൈകിട്ടുവരെ നിറുത്തിവച്ചു. ഗോഡൗണിന് മുന്നിലുണ്ടായിരുന്ന രണ്ട് വൈദ്യുതി പോസ്റ്റുകളിൽ ഒന്നിൽ നിന്ന് തീപ്പൊരി വീണതാകാം അപകടകാരണമെന്നാണ് ഫയർഫോഴ്സിന്റെ പ്രാഥമിക നിഗമനം. ഞായറാഴ്ച രാത്രി ഏഴോടെ ഇതേ പോസ്റ്റിൽ നിന്ന് തീപ്പൊരി വീഴുകയും പ്രദേശത്തെ വൈദ്യുതി വിതരണം തടസപ്പെടുകയും ചെയ്‌തിരുന്നു. ഇന്നലെ രാവിലെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെത്തി പോസ്റ്റ് പരിശോധിച്ച് മടങ്ങി നിമിഷങ്ങൾക്കകമായിരുന്നു അപകടമെന്നും ദൃക്‌സാക്ഷികൾ പറയുന്നു. ഗോഡൗണിന് സമീപമുള്ള കുമാർ, ശിവകുമാർ, ശ്യാംലാൽ എന്നിവരുടെ വീടുകൾക്കും നാശനഷ്ടമുണ്ടായി. മൂന്ന് തെങ്ങുകൾ പൂർണമായും കത്തി. അപകടത്തെ തുടർന്ന് പ്രദേശമൊട്ടാകെ മണിക്കൂറുകളോളം പുകയിൽ മുങ്ങി.

തീഅണയ്‌ക്കാൻ ശ്രമിച്ച ഗോഡൗൺ ഉടമ പൂന്തുറ സ്വദേശി സുൽഫിയും രണ്ട് തൊഴിലാളികളും ശ്രമം വിഫലമായതോടെ പുറത്തേക്കിറങ്ങി ഓടിയതിനാൽ പരിക്കേറ്റില്ല. കരമന സ്വദേശി ചിദംബരത്തിന്റേതാണ് ഗോഡൗണിരിക്കുന്ന സ്ഥലം. പോസ്റ്റിനോളം ഉയരത്തിലാണ് ഇവിടെ ആക്രി കൂട്ടിയിട്ടിരുന്നത്. ഇതിൽ തീപ്പൊരി വീണതോടെ നിമിഷങ്ങൾക്കുള്ളിൽ തീ ആളിപ്പടരുകയായിരുന്നു. ചില വസ്‌തുക്കൾ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ച് വീടുകളിലേക്കും കടകളിലേക്കും പതിച്ചെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

സമീപത്തെ കെട്ടിടങ്ങളിൽ നിന്നും വീടുകളിൽ നിന്നും ആൾക്കാരെ ഒഴിപ്പിച്ച് വൻ ദുരന്തമൊഴിവാക്കി. പെയിന്റ് ടിൻ,ഒഴിഞ്ഞ സ്‌പ്രേ പെയിന്റ് കാൻ,ഡിയോഡ്രെറ്റ്,ടാർവീപ്പ,വാഹനങ്ങളിലെ ഡീസൽ ഫിൽറ്റർ,ടയർ,പ്ലാസ്റ്റിക് ബോട്ടിൽ തുടങ്ങിയവാണ് കത്തിയതെന്ന് ഫയർഫോഴ്സ് പറഞ്ഞു. സാമഗ്രികളിൽ എണ്ണയുടെ അംശമുണ്ടായിരുന്നതും കാറ്റ് വീശിയതും തീ ആളിപ്പടരാൻ കാരണമായെന്നാണ് ഫയർഫോഴ്സിന്റെ നിഗമനം.

ആക്രി ഗോഡൗണിന് ലൈസൻസുണ്ടായിരുന്നില്ലെന്ന് നഗരസഭ അറിയിച്ചു. ജില്ലയിലെ പത്തോളം ഫയർഫോഴ്സ് യൂണിറ്റുകളിൽ നിന്ന് 20 വാഹനങ്ങളും എയർപോർട്ട് പാന്തറും നൂറോളം ഫയർഫോഴ്സ് ഉദ്യോഗസ്ഥരും രക്ഷാദൗത്യത്തിനെത്തി. 10ലക്ഷം രൂപയോളം നാശനഷ്ടമുണ്ടായതായി കടയുടമ സുൽഫി പറഞ്ഞു. എന്നാൽ നഷ്ടം കണക്കാക്കുന്നതേയുള്ളുവെന്ന് ഫയർഫോഴ്സ് അധികൃതർ വ്യക്തമാക്കി.

മന്ത്രി വി. ശിവൻകുട്ടി,കളക്ടർ നവ്ജ്യോത് ഖോസ,മേയർ ആര്യാ രാജേന്ദ്രൻ,കമ്മിഷണർ സ്പർജൻകുമാർ,ഡി.സി.പി അങ്കിത് അശോകൻ,ഫോർട്ട് എ.സി.പി ഷാജി തുടങ്ങിയവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ എം. നൗഷാദ്, ദിലീപൻ, എം.എസ്. സുവി, നിതിൻരാജ്, കെ.എൻ. ഷാജി, ടി.കെ. അജയ്, സെബാസ്റ്റ്യൻ എന്നിവർ പ്രവ‌ർത്തനങ്ങൾ ഏകോപിപ്പിച്ചു.