ഏപ്രിലിൽ പദ്ധതി പൂർത്തിയാകും
തിരുവനന്തപുരം: വെള്ളപ്പൊക്കം തടയാൻ നഗരത്തിലെ പ്രധാന ജലസ്രോതസുകൾ വൃത്തിയാക്കുന്ന പദ്ധതികൾ ഉടൻ ആരംഭിക്കും. ജലസേചന വകുപ്പ് നടപ്പാക്കുന്ന പദ്ധതിയുടെ ടെൻഡർ നടപടികൾ പൂർത്തിയായി. ജനുവരി പകുതിയോടെ ആരംഭിക്കുന്ന പദ്ധതി ഏപ്രിൽ 30ന് മുമ്പ് പൂർത്തിയാക്കാനാണ് തീരുമാനം.
നഗരത്തിലെ പത്ത് പ്രധാന ജലസ്രോതസുകളിലാണ് വിവിധ ജോലികൾ ഉൾപ്പെടുന്ന വെള്ളപ്പൊക്ക ലഘൂകരണ പദ്ധതി ആരംഭിക്കുന്നത്. എട്ട് കോടി രൂപയാണ് പദ്ധതിത്തുക. പഴവങ്ങാടി തോട്, ഉള്ളൂർ തോട്, കരിയിൽ തോട്, കരിമാടം കുളം, തെക്കനകര കനാൽ, കിള്ളിയാർ, കരമനയാർ, പാർവതി പുത്തനാർ, തെറ്റിയാർ തോട് എന്നിവിടങ്ങളിൽ 3.81 കോടി രൂപ ചെലവഴിച്ചാണ് ആദ്യഘട്ടം. രണ്ടാംഘട്ടത്തിൽ കിള്ളിയാർ, കരമനയാർ, പഴവങ്ങാടി തോട് എന്നിവിടങ്ങളിൽ 4.24 കോടി രൂപയാണ് ചെലവാക്കുക. ഉള്ളൂർ തോട് നവീകരണം നഗരസഭ ആരംഭിച്ചിട്ടുണ്ട്.
പദ്ധതികൾ പൂർത്തിയാകുന്നതോടെ നഗരത്തിലെ വെള്ളക്കെട്ട് ഒരുപരിധിവരെ പിടിച്ചുനിൽക്കാനാകുമെന്നാണ് പ്രതീക്ഷ. 2021ലെ വെള്ളപ്പൊക്കത്തെ തുടർന്ന് ജലസേചന വകുപ്പ് തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി. സ്ഥലങ്ങൾ സന്ദർശിച്ച് തയ്യാറാക്കിയ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജലസ്രോതസുകളിൽ തടസം നേരിടുന്ന സ്ഥലങ്ങൾ കണ്ടെത്തി.
മാലിന്യം നിക്ഷേപിക്കുന്ന സ്ഥലങ്ങൾ, മണൽക്കൂമ്പാരം രൂപപ്പെടുന്ന പ്രദേശങ്ങൾ, സുഗമമായ ജലപ്രവാഹം തടസപ്പെടുത്തുന്ന കുറ്റിച്ചെടികളും മരങ്ങളും ഉൾപ്പെടെയുള്ള തടസങ്ങൾ എന്നിവയാണ് കണ്ടെത്തിയത്. ഓരോ ജലസ്രോതസകളുടെയും പദ്ധതി നിർവഹണത്തിന് ഒാരോ ഉദ്യോഗസ്ഥനെയും ചുമതലപ്പെടുത്തി. ഒരു സൂപ്രണ്ടിംഗ് എൻജിനിയറുടെ മേൽനോട്ടത്തിൽ തോടുകളുടെ പദ്ധതിക്ക് ഒരു കോ ഓർഡിനേറ്റർ, നദികളുടെ പദ്ധതി നിർവഹണത്തിന് രണ്ട് ഉദ്യോഗസ്ഥർ എന്ന നിലയ്ക്കാണ് ചുമതല. തമ്പാനൂർ, കിഴക്കേകോട്ട, ഉപ്പിടാംമൂട്, കണ്ണമ്മൂല എന്നിവിടങ്ങളിലാണ് നഗരത്തിൽ വെള്ളപ്പൊക്കം രൂക്ഷമാകുന്നത്.
മാസ്റ്റർ പ്ളാൻ പദ്ധതികൾ
വന്നാൽ നഗരം ക്ളീൻ
ജലസേചന വകുപ്പിന്റെ പദ്ധതികൾക്ക് പുറമേ നഗരസഭയുടെ മാസ്റ്റർപ്ളാനിൽ നിർദ്ദേശിച്ചിരിക്കുന്ന ഡ്രെയിനേജ് പ്ളാൻ, സ്‌പോഞ്ച് സിറ്റി പദ്ധതി എന്നിവ കൂടി നടപ്പാക്കിയാൽ നഗരം വെള്ളപ്പൊക്ക ഭീഷണിയിൽ നിന്ന് പൂർണമായി ഒഴിവാകും. മാസ്റ്റർപ്ളാനിലെ പദ്ധതികൾ നടപ്പാക്കാൻ നഗരസഭയ്‌ക്ക് സ്ഥലപരിമിതിയാണ് വെല്ലുവിളി.
പദ്ധതിത്തുക - എട്ട് കോടി രൂപ
ആദ്യഘട്ടം - 3.81 കോടി രൂപ
രണ്ടാംഘട്ടം - 4.24 കോടി രൂപ