charcha-nadathunnu

കല്ലമ്പലം: കെ റെയിൽ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. മരുതിക്കുന്ന്, കോട്ടറക്കോണം, പുതുശേരിമുക്ക് തുടങ്ങിയ പ്രദേശങ്ങളിലെ നാട്ടുകാരാണ് പ്രതിഷേധിച്ചത്.

മരുതിക്കുന്നിൽ മുസ്ലിം, ക്രിസ്‌ത്യൻ പള്ളികളുടെ ഭാഗങ്ങൾ നഷ്ടമാകുന്നതിനാൽ പള്ളിക്കമ്മിറ്റി ഭാരവാഹികളും നാട്ടുകാരും ശക്തമായ എതിർപ്പുമായി രംഗത്തെത്തിയതോടെ സംഘർഷാവസ്ഥയായി. സംഘർഷാവസ്ഥ മുന്നിൽക്കണ്ട് വനിതാ പൊലീസ് അടക്കം വൻ പൊലീസ് സന്നാഹത്തെ പ്രദേശത്ത് വിന്യസിച്ചിരുന്നു.

വർക്കല ഡിവൈ.എസ്.പി പി. നിയാസിന്റെ നേതൃത്വത്തിൽ പള്ളിക്കമ്മിറ്റി ഭാരവാഹികളും നാട്ടുകാരുമായി നടന്ന ചർച്ചയിൽ നാട്ടുകാർക്ക് പരാതി നൽകാൻ ഒരാഴ്ചത്തെ സമയം നൽകി. തുടർ നടപടികൾ 10ന് ആരംഭിക്കുമെന്ന് കെ റെയിൽ ഉദ്യോഗസ്ഥർ അറിയിച്ചു. സർവേയ്ക്കെത്തിയ ഉദ്യോഗസ്ഥരെയും കല്ലുമായി വന്ന വാഹനത്തെയും നാട്ടുകാർ തടഞ്ഞതോടെ കല്ലമ്പലം, കടയ്ക്കാവൂർ, വർക്കല, അയിരൂർ പൊലീസ് സ്റ്റേഷനുകളിൽ നിന്ന് സി.ഐമാരുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം സ്ഥലത്തെത്തി.

പുതുശേരിമുക്കിൽ പൊലീസ് മൂന്ന് മണിക്കൂറോളം ചർച്ച നടത്തിയതിനൊടുവിലാണ്‌ താത്കാലികമായി നാട്ടുകാർ പിന്മാറിയത്. കെ റെയിൽ പദ്ധതിക്കെതിരെ ശക്തമായ പ്രതിഷേധം തുടരുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകി. ഇന്നലെ 20 മീറ്റർ വീതിയിൽ മൂന്ന് കിലോമീറ്ററോളം ഭാഗത്ത് കല്ലിടൽ ജോലികൾ പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു.