പാലോട്: കൊവിഡ് ഇളവുകൾ സർവ്വ മേഖലയിലും ആശ്വാസമായി മാറിയിട്ടും കലാകാരൻമാർ തങ്ങളുടെ ജീവിത സ്വപ്നങ്ങൾ എന്ന് സാക്ഷാത്കാരത്തിലെത്തും എന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. രണ്ടു വർഷങ്ങൾക്കു മുൻപ് പ്രളയത്തോടെ ആരംഭിച്ച ദുരിത ജീവിതം കൊവിഡിന്റെ വരവോടെ ഇരട്ടിയായി. ഇപ്പോൾ കലാസാംസ്കാരിക വേദികളിൽ നിറഞ്ഞാടിയിരുന്ന കലാകാരന്മാരുടെ ജീവിതവും നിശ്ചലമായി. സ്കൂളുകളും വ്യാവസായിക സ്ഥാപനങ്ങളും, സിനിമാ തിയറ്ററുകളും നിബന്ധനകളോടെ തുറന്നുകൊടുക്കാൻ തീരുമാനമായിയെങ്കിലും കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് യാതൊരു ഇളവുകളും തൽകിയിട്ടില്ല. ഒരു വേദിയിൽ നിന്നും 1000 രൂപ മുതൽ 3500 രൂപ വരെയാണ് കലാകാരന്മാർക്ക് പ്രതിഫലമായി ലഭിക്കുന്നത്. ഡിസംബറിൽ ആരംഭിച്ച് മെയ് മാസത്തിൽ അവസാനിക്കുന്നതാണ് ഓരോ കലാകാരൻമാരുടേയും വരുമാന കാലം. ഇനിയെങ്കിലും നിയന്ത്രണങ്ങളോടെയെങ്കിലും അനുമതി നൽകിയാൽ ഓരോ കലാസമിതിയും കലാപ്രകടനങ്ങൾ വേദിയിൽ എത്തിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയും. ജീവിത പ്രാരാബ്ദ്ധങ്ങൾ മുന്നിൽ പ്രതിബന്ധങ്ങൾ തീ‌ർത്തതോടെ കലാജീവിതം മാറ്റിവച്ച് മറ്റ് ജോലിക്ക് ഇറങ്ങിത്തിരിച്ചവരും പാതിവഴിയിൽ ജീവിതം തന്നെഅവസാനിപ്പിച്ചവരും ഏറെയാണ്. ജില്ലയിൽ ഏറ്റവും കൂടുതൽ കലാസമിതികളുള്ളത് നന്ദിയോട് പെരിങ്ങമ്മല പഞ്ചായത്തുകളിലാണ്. ജീവിത പ്രതീക്ഷകൾ മുഴുവൻ ഉത്സവകാലത്തെ ആശ്രയിച്ച് ജീവിക്കുന്ന ഇവർക്ക് സർക്കാരിൽ നിന്നും ലഭിച്ചത് വെറും 2000 രൂപയാണ്. കലാകാരന്മാർ കലാരംഗം വിടുന്നത് വേദനാജനകം തന്നെയാണ്, ഈ കെട്ടകാലവും കഴിയും നല്ലകാലം വരുമെന്നുമുള്ള പ്രതീക്ഷയിലാണ് കലാകാരന്മാർ. ഡിസംബറിൽ ക്രിസ്തുമസ് ന്യൂ ഇയർ പ്രോഗ്രാമുകളും ഒമിക്രോൺ നിയന്ത്രണങ്ങളെ തുടർന്ന് റദ്ദാക്കിയിരുന്നു. ഇനിയുള്ള പ്രതീക്ഷ ക്ഷേത്ര ഉത്സവകാലമാണ്.സർക്കാർ കനിഞ്ഞാൽ എല്ലാം തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് കലാകാരൻമാരും കുടുംബവും.

പ്രതീക്ഷയോടെ കലാകാരാന്മാർ

ഒരു സമിതി അവതരിപ്പിക്കുന്ന കലാരൂപം വേദിയിൽ എത്തിക്കണമെങ്കിൽ 10 ലക്ഷം രൂപയോളം ചിലവ് വരും. ലോക് ഡൗൺ തുടങ്ങിയതിനു ശേഷം കലാസമിതികളുടെ വസ്ത്രങ്ങളും ആഭരണങ്ങളും മറ്റ് സ്റ്റേജ് സംവിധാനങ്ങളും ഉൾപ്പടെ എല്ലാം ഉപയോഗിക്കാതെ കിടന്ന് നശിക്കുകയാണ്. ഓരോ സമിതി അംഗങ്ങളും പുതിയ അംഗങ്ങളെ ഉൾപ്പെടുത്തിയും ബാങ്ക് വായ്പ തരപ്പെടുത്തിയും പരിശീലനം ആരംഭിക്കുന്നതിനിടെയാണ് കൊവിഡ് രോഗം നിയന്ത്രണാതീതമായത്. പ്രോഗ്രാം ഏജൻറുമാർ മുതൽ മറ്റ് സെറ്റ് വർക്കർമാർ വരെ ഇനിയുള്ള പ്രതീക്ഷ സർക്കാരിലാണ്. കൊവിഡ് ഇളവ് സ്റ്റേജ് കലാകാരന്മാർക്കു കൂടി നൽകിയാൽ നിരവധി കുടുംബങ്ങൾ ദുരിതത്തിൽ നിന്നും കരകയറും. ഒരു സീസണിൽ നാടകം കളിച്ച് കിട്ടുന്ന പണം കൊണ്ട് ഒരു വർഷം ജീവിക്കുകയും കൂടാതെ വിദ്യാഭ്യാസം വിവാഹം, ചികിത്സ എന്നിവയ്ക്കും ഈ സീസണാണ് ഇവർക്ക് സഹായമാകുന്നത്. ക്ഷേമനിധിയിൽ അംഗമായ കലാകാരൻമാർക്കാണ് 1000 രൂപ സഹായധനം ലഭിച്ചത്.ഭൂരിപക്ഷം പേർക്കും യാതൊരു സഹായവും ലഭിച്ചിട്ടം ഇല്ല.

നാട്യമറിയാതെ നാടകം

ഉത്സവപ്പറമ്പുകളിൽ സമിതികളുടെ പേര് നോക്കി മാത്രമാണ് ഇന്ന് പലരും നാടകം കാണാനെത്തുന്നത്. വലിയൊരു സ്വീകാര്യത ഉണ്ടായിരുന്ന നാടകത്തിന് ഇന്ന് കാഴ്ചക്കാർ വളരെ വിരളമാണ്. ഈ പ്രതിസന്ധി പരിഹരിക്കുന്നതിനായി ഓൺലൈനായും യൂട്യൂബിലും ഒക്കെ നാടകങ്ങൾ അവതരിപ്പിച്ച് അപ് ലോഡ് ചെയ്തും പുത്തൻ സങ്കേതങ്ങൾ ആവിഷ്കരിച്ചും നാടകവേദിയെ പിടിച്ചു നിറുത്താൻ നോക്കുന്നതിനിടെയാണ് കൊറോണയുടെ വരവ്. അത് എല്ലാം തകിടം മറിച്ചു. ഇന്ന് പല സമിതികൾക്കും പുതിയ നാടകങ്ങൾ സംവിധാനം ചെയ്യാനാകാത്ത അവസ്ഥയാണ്.

ലൈറ്റില്ലാ..സൗണ്ടില്ല

ഒരു ലൈറ്റ് ആൻഡ് സൗണ്ട് ഉടമയ്ക്ക് കീഴിൽ പത്തുവരെ തൊഴിലാളികൾ ഉണ്ടാകും. ഇവർക്ക് തൊഴിൽ പൂർണമായും നഷ്ടപ്പെട്ടു. തൊഴിലില്ലെങ്കിലും ഇവർക്ക് ജീവിക്കാനുള്ള ചെറിയ സഹായം ഉടമകൾ നൽകിയിരുന്നു.