vaccin

തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികൾക്കുള്ള വാക്‌സിനേഷൻ ആരംഭിച്ച ആദ്യദിനം തലസ്ഥാനത്ത് വാക്‌സിനെടുക്കാനെത്തിയ കുട്ടികളുടെ വിശേഷങ്ങൾ തിരക്കിയും തമാശകൾ പങ്കുവച്ചും മന്ത്രിമാരായ വീണാ ജോർജും വി. ശിവൻകുട്ടിയുമെത്തി.

ഇന്നലെ രാവിലെ ജനറൽ ആശുപത്രിയിലാണ് മന്ത്രിമാരെത്തിയത്. മന്ത്രി വീണാ ജോർജ് കുട്ടികളുടെ പേരും സ്‌കൂളും ഉൾപ്പെടെ ചോദിച്ചറിഞ്ഞപ്പോൾ മന്ത്രി വി. ശിവൻകുട്ടി കുട്ടികളുടെ നെറ്റിയിൽ കൈവച്ച് പനിയുണ്ടോ എന്ന് ചോദിച്ചു. രാവിലെ ഒമ്പതോടെയാണ് വീണാ ജോർജ് എത്തിയത്. രജിസ്ട്രേഷൻ വിഭാഗത്തിലെ പ്രവർത്തനങ്ങൾ വിലയിരുത്തിയ മന്ത്രി ജീവനക്കാരോടും വിവരങ്ങൾ ആരാഞ്ഞു. ഇതിനുശേഷമാണ് ജനറൽ ആശുപത്രിയിൽ ഇന്നലെ ആദ്യമായി വാക്‌സിനെടുത്ത് നിരീക്ഷണത്തിലിരുന്ന സഹോദരങ്ങളായ ബിനില രാജ്, ബിൻരാജ് എന്നിവരുമായി സംസാരിച്ചത്.

വീണാജോർജ് മടങ്ങിയതിനു പിന്നാലെയാണ് 10ഓടെ വി. ശിവൻകുട്ടിയെത്തിയത്. വാക്‌സിനെടുക്കാൻ കാത്തുനിന്നവരുമായി സംസാരിച്ച ശേഷം അകത്തേക്ക് കയറി നിരീക്ഷണത്തിലിരുന്നവരെ കണ്ടു. എല്ലാവരും രണ്ട് ഡോസും എടുക്കണം, താൻ രണ്ട് ഡോസും എടുത്തിട്ടുണ്ടെന്നും ഒരുപ്രശ്‌നവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകൾ സംയുക്തമായി വാക്‌സിനേഷൻ പൂർത്തിയാക്കുമെന്ന് പറഞ്ഞാണ് മന്ത്രിമാർ മടങ്ങിയത്.