തിരുവനന്തപുരം: കിള്ളിപ്പാലം ബണ്ട്റോഡ് ആക്രി ഗോഡൗണിലെ തീപിടിത്തത്തിന്റെ കാരണം ഇലക്ട്രിക് പോസ്റ്റിൽ നിന്ന് തീപ്പൊരി വീണതാണെന്ന് ആക്രിക്കട ഉടമയുടെ മകൻ നിഷാൻ. രാവിലെ 11.30ഓടെയാണ് അപകടമുണ്ടായതെന്നും പിതാവ് സുൽഫിയടക്കം മൂന്നുപേർ സ്ഥലത്തുണ്ടായിരുന്നെന്നും നിഷാൻ പറഞ്ഞു. ഇവരെല്ലാം തീ പടർന്നപ്പോൾ ഓടി രക്ഷപ്പെടുകയായിരുന്നു.
'ഇലക്ട്രിക് പോസ്റ്റിൽ നിന്നാണ് തീപടർന്നത്. മൂന്നുതവണ തീ താഴേക്ക് വീണു. 20 വർഷമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ പത്തുലക്ഷത്തോളം രൂപയുടെ ആക്രി സാധനങ്ങൾ കത്തിനശിച്ചു. അച്ഛൻ സുൽഫിയുടെ പേരിലാണ് കടയുടെ ലൈസൻസ്. സ്ഥാപനത്തിൽ വൈദ്യുതി കണക്ഷൻ എടുത്തിട്ടില്ലെന്നും ' നിഷാൻ പറഞ്ഞു. അതേസമയം പ്രദേശത്ത് പത്തോളം ആക്രിക്കടകളും ഗോഡൗണുകളുമുണ്ട്. അഗ്നിക്കിരയായതടക്കം മൂന്നുകടകൾ സുൽഫിക്ക് സ്വന്തമായുണ്ട്.
അതിനിടെ തീപിടിത്തമുണ്ടായ ആക്രിക്കടയ്‌ക്കെതിരെ നിരവധി തവണ പരാതിപ്പെട്ടെന്നും നഗരസഭ നടപടി സ്വീകരിച്ചില്ലെന്നും പ്രദേശവാസികൾ കുറ്റപ്പെടുത്തി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കളക്ടർ അറിയിച്ചു. ഗോഡൗണിൽ എണ്ണയുടെ അംശമുണ്ടായിരുന്നതാകാം തീ പടരാൻ കാരണമെന്ന് കളക്ടർ സംശയം പ്രകടിപ്പിച്ചു.