തിരുവനന്തപുരം: ചെറിയൊരു തീപ്പൊരി...പിന്നാലെ പുക, നിമിഷങ്ങൾക്കുള്ളിൽ അഗ്നിഗോളമായി മാറുകയായിരുന്നു ബണ്ട് റോഡിലെ ആക്രിഗോഡൗണിലെ തീപിടിത്തം. ആക്രിസാധനങ്ങൾ കൂട്ടിയിട്ടിരുന്ന ഇവിടെ സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിച്ചിരുന്നില്ല.
ആക്രിസാധനങ്ങൾ റോഡിലടക്കം ചിതറി കിടന്നിരുന്നു. ഷിറ്റുമേഞ്ഞ ഒരു ചെറിയ ഷെഡ് അടക്കം കത്തിയമർന്നു. ഗോഡൗണിന് മുന്നിലുണ്ടായിരുന്ന വൈദ്യുതി പോസ്റ്റുകളും കേബിളുകളും സമീപവീടുകളിലെ ജനൽച്ചില്ലുകളും പൈപ്പുകളും വെന്തുരുകി. തീപിടിത്തത്തിൽ അരക്കിലോമീറ്റർ ചുറ്റളവിൽ പുക നിറഞ്ഞിരുന്നു. ബണ്ട് റോഡിലെ ഗതാഗതം പൂർണമായും തടഞ്ഞാണ് ഫയർഫോഴ്സ് വാഹനങ്ങൾക്ക് പൊലീസ് വഴിയൊരുക്കിയത്.
മിന്നലായി ഫയർഫോഴ്സ്
നിമിഷങ്ങൾ വൈകിയിരുന്നെങ്കിൽ വലിയൊരു ദുരന്തത്തിന് സാക്ഷിയാകേണ്ടിവരുമായിരുന്ന സാഹചര്യമാണ് ഫയർഫോഴ്സിന്റെ സമയോചിത ഇടപെടലിൽ ഒഴിവായത്. അപകടം ഒഴിവാക്കാനുള്ള ശ്രമം വിഫലമായതിനെ തുടർന്ന് ഗോഡൗൺ ഉടമയുടെ ഫോൺ വിളിയെത്തിയതിന് പിന്നാലെ നിമിഷങ്ങൾക്കുള്ളിൽ ചെങ്കച്ചൂളയിൽ നിന്ന് ഫയർഫോഴ്സ് ടീം സ്ഥലത്തെത്തി.
സമയം പാഴാക്കാതെ രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും തീ വളരെവേഗം ആളിപ്പടരുകയായിരുന്നു. പിന്നാലെ ജില്ലയിലെ വിവിധ യൂണിറ്റുകളിൽ വിവരം നൽകിയതിനെ തുടർന്ന് കൂടുതൽ വാഹനങ്ങളും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഗോഡൗണിന്റെ വിവിധ കോണുകളിലെ കെട്ടിടങ്ങൾക്കും വീടുകൾക്കും മുകളിലും റോഡിലും മണിക്കൂറുകളോളം നിന്നാണ് ഇവർ വെള്ളം ചീറ്റിയത്. ഫയർഫോഴ്സ് വാഹനങ്ങളിൽ വെള്ളം തീർന്നെങ്കിലും കിള്ളിയാറിന് സമീപമായതിനാൽ പ്രതിസന്ധിയുണ്ടായില്ല.
പി.ആർ.എസ് ആശുപത്രിയുടെ ടാങ്കിൽ നിന്ന് തീ അണയ്‌ക്കാൻ വെള്ളം നൽകിയതും രക്ഷയായി. കാട്ടാക്കട, വിതുര, കഴക്കൂട്ടം, ചാക്ക, ആറ്റിങ്ങൽ, നെടുമങ്ങാട്, ചെങ്കൽച്ചൂള, നെയ്യാറ്റിൻകര, വിഴിഞ്ഞം എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റും തിരുവനന്തപുരം എയർപോർട്ടിന്റെ ഫയർഫോഴ്സ് പാന്തർ ടീമുമെത്തിയതോടെയാണ് രാവിലെ 11.30ഓടെ ആരംഭിച്ച തീപിടിത്തം ഉച്ചയ്ക്ക് രണ്ടരയോടെ നിയന്ത്രണ വിധേയമാക്കാനായത്. വൈകിട്ട് 4.30ഓടെ തീ പൂർണമായും കെടുത്തി. സംഭവത്തിൽ ഫയർഫോഴ്സ് ഡയറക്ടറുടെ (ടെക്‌നിക്കൽ) നേതൃത്വത്തിൽ വിശദ അന്വേഷണം നടത്തും.