dd

തിരുവനന്തപുരം: തിയേറ്ററുകളിലിരുന്ന് ഒരു ധ്യാനം പോലെ ആസ്വദിക്കേണ്ട കലയാണ് സിനിമയെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്‌ണൻ പറഞ്ഞു. ചലച്ചിത്ര അക്കാഡമിയും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി കിൻഫ്രയിൽ സംഘടിപ്പിച്ച ചലച്ചിത്രാസ്വാദന ശില്പശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിൽ സ്ട്രീം ചെയ്യുന്ന സിനിമകളുടെ ആസ്വാദനത്തെക്കാൾ തിയേറ്ററുകളിൽ മുഴുകിയിരുന്നുള്ള ആസ്വാദനത്തിനാണ് ചലച്ചിത്രകലയെ ആഴത്തിൽ ഉൾക്കൊള്ളാനാവുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശില്പശാല പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു ഉദ്ഘാടനം ചെയ്‌തു. ചലച്ചിത്ര അക്കാഡമി വൈസ് ചെയർപേഴ്‌സൺ ബീനാപോൾ അദ്ധ്യക്ഷയായി. ക്യാമ്പ് ഡയറക്ടർ ഡോ. അനു പാപ്പച്ചൻ, പൊതുവിദ്യാഭ്യാസ വകുപ്പ് ചീഫ് പ്ലാനിംഗ് ഓഫീസർ ദീപ മാർട്ടിൻ തുടങ്ങിയവർ പങ്കെടുത്തു. അക്കാഡമി സെക്രട്ടറി സി. അജോയ് സ്വാഗതവും വിദ്യാരംഗം അസി.എഡിറ്റർ എ. ഷിജു നന്ദിയും പറഞ്ഞു. നാളെ സമാപിക്കുന്ന ശില്പശാലയിൽ സിബി മലയിൽ, സണ്ണി ജോസഫ്, വിധു വിൻസെന്റ്, കെ.ബി. വേണു, വിജയകൃഷ്‌ണൻ, പി.എഫ്. മാത്യൂസ്, ഡോ.ജി.ആർ. സന്തോഷ് കുമാർ, ഡോ.ഫാ. ബെന്നി ബെനിഡിക്ട് എന്നിവർ പങ്കെടുക്കും.