ktda

കാട്ടാക്കട: സെർവർ തകരാർ കാരണം കാട്ടാക്കട ട്രഷറി പ്രവർത്തനം നിലച്ചത് സർവീസ് പെൻഷൻ വാങ്ങാനെത്തിയവരെ വലച്ചു. ഒന്നാം തീയതി മുതൽ അഞ്ചാം തീയതി വരെ പെൻഷൻ വാങ്ങാനായി നിരവധി പേരാണ് ട്രഷറികളിൽ എത്തുന്നത്.ഇത് കൂടാതെ മറ്റു ഇടപാടുകളും ഈ സമയങ്ങളിൽ നടക്കും. സംസ്ഥാനത്തൊട്ടാകെ ട്രഷറികളുടെ പ്രവർത്തനം ഇന്നലെ സ്തംഭനാവസ്ഥയിലായിരുന്നു.
ഇനി ഇന്നും പണം പിൻവലിക്കാൻ എത്തുമ്പോൾ എന്താകും സ്ഥിതി എന്ന ആശങ്കയോടെയാണ് വയോധികർ മടങ്ങിയത്. എപ്പോൾ പെൻഷൻ വാങ്ങാൻ എത്തിയാലും സ്ഥിതി ഇത് തന്നെയാണെന്നാണ് ഇവരുടെ പരാതി. ‌സാമ്പത്തിക പ്രതിസന്ധി മൂലം പണമില്ലാതായതോടെ ഒന്നാം തീയതി മനഃപൂർവം സെർവർ തകരാറിലാക്കുകയാണ് എന്ന ആരോപണവും ഇവർക്കിടയിലുണ്ട്. അതേസമയം സെർവർ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ജോലികൾ നടന്നു വരുന്നതിനാൽ പ്രവർത്തനം തടസപ്പെടുമെന്ന മുന്നറിയിപ്പ് നൽകിയിരുന്നതായി അധികൃതർ പറയുന്നു.

എന്നാൽ ഇത്തരം അറിയിപ്പ് ഇതുവരെ തങ്ങൾ അറിഞ്ഞില്ലെന്നാണ് പെൻഷൻകാരുടെ പരാതി.

2014 മുതലുള്ള സെർവർ സംവിധാനമാണ് ട്രഷറിയിൽ ഇപ്പോഴും ഉള്ളത്. വർദ്ധിക്കുന്ന ആവശ്യങ്ങൾ നിറവേറ്റാൻ ഇതിനാകില്ല. സേവനങ്ങൾ വീട്ടുപടിക്കൽ എത്തിക്കുകയാണ് സർക്കാർ നയമെങ്കിലും ട്രഷറി ഇടപാടുകൾ ആ നിലയിലാക്കാനുള്ള ശ്രമങ്ങൾ ത്രിശങ്കുവിലാണ്. കാലഹരണപ്പെട്ട സെർവർ സംവിധാനസേവനം മെച്ചപ്പെടുത്താൻ ആധുനിക സംവിധാനങ്ങൾ ഒരുക്കിയില്ലെങ്കിൽ പെൻഷൻകാർക്ക് തുക കൈപ്പറ്റാൻ കഴിയാത്ത അവസ്ഥ തുടരും.