തിരുവനന്തപുരം: ആക്രി ഗോഡൗണിലുണ്ടായ തീ സമീപത്ത് പുതുതായി നിർമ്മിച്ച വീട്ടിലേക്കും പടർന്നു. സെക്രട്ടേറിയറ്റിലെ അസിസ്റ്റന്റ് സെക്‌ഷൻ ഓഫീസർ പ്രിയ – എസ്.ബി.ഐയില അപ്രൈസർ ശിവകുമാർ ദമ്പതികളുടെ വീടിനാണ് നാശം. പൂജാമുറിയിലെയും ഹാളിലെയും ജനലുകൾ, മുകൾ നിലയിലെ വാതിൽ എന്നിവ നശിച്ചു.
പെട്ടെന്ന് തീപിടിക്കുന്ന ആക്രി സാധനങ്ങളാണ് ഗോഡൗണിൽ സൂക്ഷിച്ചിരുന്നത്. ഇത് മാറ്റണമെന്ന് പലവട്ടം ഉടമയോട് പറഞ്ഞിരുന്നു. മൂന്ന് ദിവസം മുൻപും ഇക്കാര്യം ഓർമിപ്പിച്ചു. എന്നിട്ടും നീക്കിയില്ലെന്ന് ശിവകുമാർ പറഞ്ഞു. എട്ട് മാസം മുൻപായിരുന്നു വീടിന്റെ പാലുകാച്ചൽ.
'ആദ്യം ചെറിയ പുക ഉയരുന്നതാണ് കണ്ടത്. ഇതരസംസ്ഥാനക്കാരായ ജീവനക്കാർ വെള്ളമെടുക്കാൻ ഓടുന്നതും കണ്ടു. നിമിഷനേരത്തിനുള്ളിൽ ശബ്ദത്തോടെ എന്തോ സാധനം തെറിച്ച് എന്റെ കടയിലേക്കും വീണു. തീ വ്യാപിച്ചതോട കടപൂട്ടി. വീട് അടച്ച് അകത്തിരുന്നു. പിന്നീട് ഇവിടെ നിന്ന് മാറി, സമീപത്തെ കടയുടമ ജിജി പറഞ്ഞു.
തിപിടിത്തം അകത്ത് നിന്നോ?
ഗോഡൗണിന് ഉള്ളിൽ നിന്നാണ് തീപിടിത്തം ഉണ്ടായതെന്ന് പ്രദേശത്തെ ചിലർ ആരോപണം ഉന്നയിച്ചു. എന്നാൽ തീപിടിത്തത്തിന്റെ കാരണങ്ങളൊന്നും ഫയർഫോഴ്സ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.