
കള്ളിക്കാട്: കേരളത്തിന്റെ സാമ്പത്തിക വ്യവസ്ഥ വളരാൻ സാദ്ധ്യത ടൂറിസത്തിലാണെന്ന് മന്ത്രി എം.ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ ടൗൺഹാളിന്റെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കള്ളിക്കാട് ഏറ്റവും പ്രകൃതി രമണീയമായ ഇടമാണ്. ഇവിടെയും ടൂറിസം പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. സി.കെ.ഹരീന്ദ്രൻ.എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് കുമാർ, കള്ളിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പന്ത ശ്രീകുമാർ, പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.ലാൽകൃഷ്ണൻ, ജില്ലാപഞ്ചായത്തംഗം രാധിക ടീച്ചർ, എക്സിക്യൂട്ടീവ് എൻജിനിയർ ഡി.രാജേഷ് തുടങ്ങിയവർ സംസാരിച്ചു. 2020 വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ ഉൾപ്പെടുത്തിയാണ് കള്ളിക്കാട് ഗ്രാമപഞ്ചായത്തിൽ മൾട്ടി പർപ്പസ് ടൗൺഹാൾ നിർമ്മിക്കുന്നത്. സർക്കാർ 2 കോടി രൂപ അനുവദിച്ചു നിർമ്മാണം പൂർത്തീകരിക്കുമ്പോൾ ടൗൺ ഹാളിൽ തിയേറ്റർ, കൺവെൻഷൻ സെന്റർ, ഓഫീസ് സമുച്ചയം തുടങ്ങി എല്ലാവിധ ആധുനിക സൗകര്യങ്ങളും സജ്ജമാകും.