ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിക്കും
തിരുവനന്തപുരം: ശമ്പള പരിഷ്‌കരണത്തിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സമരരംഗത്തുള്ള ആരോഗ്യവകുപ്പിലെ ഡോക്ടർമാർ സമരം കടുപ്പിക്കുന്നു. കെ.ജി.എം.ഒ.എയുടെ നേതൃത്വത്തിൽ ഇന്ന് ഡോക്ടർമാർ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് ചെയ്ത് ധർണ നടത്തും. സംസ്ഥാനത്തുടനീളമുള്ള ഡോക്ടർമാർ പങ്കെടുക്കുന്നതിനാൽ ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിക്കും. രാവിലെ 10.30ന് പാളയം രക്തസാക്ഷി മണ്ഡപത്തിൽ കൊവിഡ് പോരാട്ടത്തിൽ മരിച്ച ആരോഗ്യപ്രവർത്തകരെ അനുസ്‌മരിച്ച് പുഷ്‌പാർച്ചന നടത്തിയ ശേഷമാണ് മാർച്ച് . കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് വടക്ക്-മദ്ധ്യ-തെക്ക് ജില്ലകൾ മൂന്നു മേഖലകളായി തിരിഞ്ഞാണ് മാർച്ച് നടത്തുന്നത്. സെക്രട്ടേറിയറ്റിന് മുന്നിൽ കെ.ജി.എം.ഒ.എ സംസ്ഥാന പ്രസിഡന്റ് ഡോ.ജി.എസ്.വിജയകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ.സാമുവൽ കോശി, സെക്രട്ടറി ഡോ.ജോസഫ് ബെനവൻ തുടങ്ങിയ സംഘടനാ നേതാക്കൾ സംസാരിക്കും. നിൽപ്പ് സമരം 27ദിവസം പിന്നിടുന്ന ഘട്ടത്തിലാണ് മാർച്ചും ധർണയും നടത്തുന്നത്. സർക്കാർ അവഗണന തുടർന്നാൽ ഈ മാസം 18ന് കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കും.