തിരുവനന്തപുരം: നഗരത്തിൽ ലൈസൻസില്ലാതെ അനധികൃതമായി സ്ഥാപനങ്ങൾ പ്രവർത്തിക്കുമ്പോഴും നഗരസഭ കണ്ണടയ്ക്കുന്നു. ചാലയിലുണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ നഗരസഭ ലൈസൻസ് പരിശോധന പ്രഖ്യാപിച്ചെങ്കിലും ഒന്നും നടന്നില്ല. ലൈസൻസില്ലാതെ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതായി ശ്രദ്ധയിൽപ്പെടുത്തിയിട്ടും കോർപ്പറേഷൻ ഭരണസമിതി ഒരു നടപടിയും എടുത്തിട്ടില്ല.

കഴിഞ്ഞ ദിവസം തീ പിടിച്ച ആക്രിക്കടയ്ക്ക് സമീപം പ്രവർത്തിക്കുന്നത് നിരവധി അനധികൃത ആക്രിക്കടകളാണ്. അപകടം നടന്ന ബണ്ട് റോഡിൽ കിള്ളിയാറ് കൈയേറി നിരവധി കടകളാണ് പ്രവർത്തിക്കുന്നത്. റോഡ് ഉൾപ്പെടെ കൈയേറി ആക്രിസാധനങ്ങൾ സൂക്ഷിക്കുന്നതിനാൽ കാൽനടയാത്രക്കാർക്ക് പോലും സഞ്ചരിക്കാൻ സാധിക്കാത്ത അവസ്ഥയാണ്.

നഗരസഭയുടെ ഹെൽത്ത് വിഭാഗമാണ് അനധികൃത സ്ഥാപനങ്ങൾ പൂട്ടിക്കേണ്ടത്. എന്നാൽ ഇവയ്ക്ക് പ്രവർത്തിക്കാനുള്ള എല്ലാ ഒത്താശയും ചെയ്തു നൽകാനാണ് ബന്ധപ്പെട്ടവർ ശ്രമിക്കുന്നതെന്ന് നെടുങ്ങാട് വാർഡ് കൗൺസിലർ കരമന അജിത്ത് പറഞ്ഞു. ലൈസൻസില്ലാത്ത കടകൾക്കെതിരെ നടപടിയെടുക്കുമെന്ന് മേയ‌ർ ആര്യാ രാജേന്ദ്രൻ പറഞ്ഞു.