
വിതുര: വിതുര - നന്ദിയോട് - പാലോട് റോഡിൽ അപകടങ്ങൾ പതിവാകുന്നു. ചായം മുതൽ ചെറ്റച്ചൽ വരെയുള്ള ഭാഗത്താണ് കൂടുതൽ അപകടങ്ങൾ നടക്കുന്നത്. കഴിഞ്ഞ ദിവസം രാവിലെ ചെറ്റച്ചൽ ഇടമുക്ക് ജംഗ്ഷന് സമീപം നടന്ന അപകടത്തിൽ നന്ദിയോട് പച്ച സ്വദേശി കുമാരപിള്ള (57) തൽക്ഷണം മരിച്ചു. കുമാരപിള്ളക്കൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന രതീഷിന് പരിക്കേൽക്കുകയും ചെയ്തു.
വിതുര - പാലോട് റോഡിൽ അപകടങ്ങൾ പതിവാകാൻ തുടങ്ങിയിട്ട് വർഷങ്ങളേറെയായി. ഒരു വർഷം മുൻപ് ചെറ്റച്ചൽ മരുതുംമൂടിന് സമീപം ദർപ്പയിൽ നടന്ന ബൈക്കപകടത്തിൽ വിതുര പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ മരിച്ചു. ഇതിന് മുൻപ് ഇവിടെ നടന്ന അപകടത്തിൽ തൊളിക്കോട് പുളിച്ചാമല സ്വദേശിയായ ഒരു യുവതിയും മരിച്ചു. ദർപ്പ മേഖലയിൽ അനവധി അപകടങ്ങൾ നടന്നിട്ടുണ്ട്.
വിതുര, തൊളിക്കോട്, ആര്യനാട്, നെടുമങ്ങാട്, പാലോട് ഭാഗങ്ങളിലേക്കായി ആയിരങ്ങൾ കടന്നുപോകുന്ന പ്രധാന റോഡ് കൂടിയാണ് വിതുര - പാലോട് റോഡ്. അപകടങ്ങളും, അപകടമരണങ്ങളും അനവധി അരങ്ങേറിയിട്ടും നടപടികൾ സ്വീകരിക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. പൊലീസിന്റെ സത്വര ശ്രദ്ധ ഇവിടെ പതിയണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
അപകടങ്ങൾക്ക് കാരണം
അമിത വേഗതയും അശ്രദ്ധയും
വർഷങ്ങളായി തകർന്ന് കിടക്കുന്ന റോഡ്
ബൈക്ക് റേസിംഗ് സംഘവും മേഖലയിൽ ഭീതി പരത്തുന്നു
റോഡിന് വേണ്ടത്ര വീതിയില്ല
പുറംപോക്ക് കൈയേറ്റവും വ്യാപകം
ടാർ ചെയ്തിട്ടും പരിഹാരമായില്ല
വർഷങ്ങളായി തകർന്നുകിടന്ന റോഡിന്റ അപകടാവസ്ഥ ചൂണ്ടിക്കാട്ടി കേരളകൗമുദി അനവധി തവണ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് ഫണ്ട് അനുവദിച്ചു. വിതുര നന്ദിയോട് റോഡ് അടുത്തിടെയാണ് ടാറിംഗ് നടത്തിയത്. ഇതോടെ അപകടങ്ങളും വർദ്ധിക്കാൻ തുടങ്ങി.
ടിപ്പർ ഉൾപ്പെടെയുള്ള വാഹനങ്ങൾ ചീറിപ്പാഞ്ഞിട്ടും നടപടികളില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഇരുചക്രവാഹനങ്ങളും മറ്റും അമിതവേഗതയിലാണ് പായുന്നത്. ബൈക്കുകൾ ഇടിച്ചും, മറിഞ്ഞും നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. അനവധി പേരെ ഇടിച്ചിട്ട ശേഷം ബൈക്കുമായി കടന്ന സംഭവവുമുണ്ട്. റോഡരികിൽ കൂടി സൂക്ഷിച്ചു നടന്നില്ലെങ്കിൽ അപകടം ഉറപ്പാണ്.