വിഴിഞ്ഞം: ദക്ഷിണമേഖല പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം ശില്പശാല നടത്തുന്നു. ഉദ്ഘാടനം ഇന്ന് രാവിലെ 10ന് വെള്ളായണി കാർഷിക കോളേജിൽ നിന്ന് ഓൺലൈനായി സംസ്ഥാന കാർഷിക വികസന കർഷകക്ഷേമ വകുപ്പ് ഡയറക്ടർ ടി.വി.സുഭാഷ് നിർവഹിക്കും. കേരള കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ.ആർ.ചന്ദ്രബാബു അദ്ധ്യക്ഷത വഹിക്കും.സർവകലാശാല ഡയറക്ടർ ഒഫ് റിസർച്ച് ഡോ. മധു സുബ്രഹ്മണ്യം ആമുഖപ്രഭാഷണം നടത്തും.

തുടർന്ന് കാർഷിക പ്രസിദ്ധീകരണങ്ങളുടെ പ്രകാശനം നടക്കും. ഡോ. ജയശ്രീ കൃഷ്ണൻകുട്ടി, ഡോ.എ.അനിൽകുമാർ, കെ.എ.യു ജനറൽ കൗൺസിൽ അംഗവും ഡയറക്ടറുമായ (പ്ലാനിംഗ്) ഡോ.ടി.പ്രദീപ് കുമാർ, കെ.എ.യു ജനറൽ കൗൺസിൽ അംഗം ഡോ.തോമസ് ജോർജ്, ദക്ഷിണമേഖല അസോസിയേറ്റ് ഡയറക്ടറും കെ.എ.യു ജനറൽ കൗൺസിൽ അംഗവുമായ ഡോ.റോയ് സ്റ്റീഫൻ, വിജ്ഞാന വ്യാപനവിഭാഗം അസോസിയേറ്റ് ഡയറക്ടറായ ഡോ.ബി. സീമ, ജില്ലാ കൃഷി ഓഫീസർമാർ എന്നിവർ പങ്കെടുക്കും.

6ന് തുടർന്ന് കർഷകർ നേരിടുന്ന പ്രശ്നങ്ങൾ അവതരിപ്പിക്കും. പ്രശ്നാധിഷ്ഠിത ഗവേഷണ പദ്ധതികൾക്ക് രൂപം നൽകും. പരീക്ഷണഫലങ്ങൾ, ദക്ഷിണ മേഖലയിൽ വികസിപ്പിച്ചെടുത്ത ഗവേഷണഫലങ്ങൾ, പദ്ധതികൾ എന്നിവയ്ക്ക് ശില്പശാലയിൽ അംഗീകാരം നൽകും. ദക്ഷിണമേഖല പ്രാദേശിക ഗവേഷണ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന ഏഴ് അഖിലേന്ത്യ ഏകോപിത ഗവേഷണ പദ്ധതികളുടെയും 9 റിവോൾവിംഗ് ഫണ്ടിന്റെയും പ്രവർത്തന അവലോകനവും നടക്കും. സെമിനാറിനോടനുബന്ധിച്ച് ഓൺലൈൻ കാർഷിക പ്രദർശനവും ഉണ്ടായിരിക്കും.