
പുതുവർഷ വേളയിൽ ട്രഷറി മുടങ്ങിയത് ശുഭകരമല്ല. അന്ന് ട്രഷറി മുടങ്ങുമെന്ന് അധികൃതർക്ക് അറിയാമായിരുന്നെന്ന് വേണം കരുതാൻ. കാരണം അതിന് മുമ്പുള്ള രണ്ട് ദിവസവും ട്രഷറിയിലെ കമ്പ്യൂട്ടർ സംവിധാനത്തിന്റെയും മറ്റും അറ്റകുറ്റപ്പണികൾ നടക്കുകയായിരുന്നു. അത് വിചാരിച്ചതുപോലെ പൂർത്തിയാകാതെ വന്നപ്പോൾ തിങ്കളാഴ്ച ട്രഷറി പ്രവർത്തിക്കില്ലെന്ന അറിയിപ്പ് നല്‌കിയിരുന്നെങ്കിൽ ആയിരക്കണക്കിന് പെൻഷൻകാർ ബുദ്ധിമുട്ടി ട്രഷറിവരെ വന്ന് വെറുംകൈയോടെ തിരിച്ചുപോകേണ്ടിവരില്ലായിരുന്നു. എന്നാൽ ഇങ്ങനെയൊരു അറിയിപ്പ് പോലും നല്കാനുള്ള ഉത്തരവാദിത്തം ട്രഷറി അധികൃതർ കാണിക്കാതിരുന്നത് തികച്ചും നിർഭാഗ്യകരമാണ്. പെൻഷനാകുന്നതുവരെ പെൻഷൻകാരന്റെ അവസ്ഥയും മനോഭാവവും ഉദ്യോഗസംവിധാനത്തിൽ തുടരുന്നവർ മനസിലാക്കില്ല എന്നതിന്റെ മറ്റൊരു ഉദാഹരണം കൂടിയാണിത്. കഴിഞ്ഞ വർഷവും നാല് തവണ ട്രഷറി ഇടപാടുകൾ മുടങ്ങിയിരുന്നു. ട്രഷറി പ്രവർത്തനത്തിലെ വീഴ്ചയുടെ പേരിൽ ഡയറക്ടറെ സർക്കാർ മാറ്റി. എന്നാൽ പകരം ഡയറക്ടറെ നിയമിച്ചില്ല. പകരം ജോയിന്റ് ഡയറക്ടർക്ക് ചുമതല നല്‌കിയിരിക്കുകയാണ്. ട്രഷറി പോലുള്ള അത്യന്തം പ്രധാനപ്പെട്ട ഒരു സർക്കാർ സ്ഥാപനത്തിൽ ഒരു സ്ഥിരം ഡയറക്ടറെ നിയമിക്കാൻ ധനകാര്യവകുപ്പിന് ഇത്ര താമസം എന്താണ്. കൂടുതൽ പണം ഏത് വകുപ്പ് ആവശ്യപ്പെട്ടാലും പിറ്റേദിവസം തന്നെ അനുവദിക്കാനാവില്ലെന്ന്
ഉത്തരവിടുന്ന ധനകാര്യവകുപ്പിന് വേഗത്തിൽ കാര്യങ്ങൾ ചെയ്യാൻ അറിഞ്ഞുകൂടാ എന്നാർക്കും പറയാനാകില്ല. എന്നാൽ ട്രഷറി ഡയറക്ടറുടെ നിയമനം വൈകിപ്പിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല. ട്രഷറിയിലെ സെർവർ അടക്കമുള്ള സാങ്കേതിക സംവിധാനങ്ങളുടെ ചുമതല പുറത്തുനിന്നുള്ള സാങ്കേതിക പരിജ്ഞാനമുള്ളവരെ ഏല്പിക്കാൻ യൂണിയൻകാർ സമ്മതിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. കഴിഞ്ഞ കാലങ്ങളിൽ ചില ട്രഷറി തട്ടിപ്പുകളുടെ വാർത്തകളും പുറത്തുവന്നിരുന്നു. ഒരു ഉദ്യോഗസ്ഥൻ ലോഗ് ഔട്ട് ചെയ്യാൻ മറന്നുപോയ കമ്പ്യൂട്ടറിൽ കയറിയാണ് തുക മാറ്റിയതെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഉദ്യോഗസ്ഥൻ ലോഗ് ഔട്ട് ചെയ്യാൻ മറന്നാലും നിമിഷങ്ങൾക്കകം അത് പ്രവർത്തനരഹിതമാകുന്ന സംവിധാനമാണ് ബാങ്കുകളിലും മറ്റും ഉള്ളത്. ഇത് ട്രഷറിയിലും ഏർപ്പെടുത്താൻ യാതൊരു പ്രയാസവുമില്ല. ആധുനിക സാങ്കേതിക കാര്യങ്ങളിൽ പരിജ്ഞാനമുള്ളവരെ അതിനായി നിയോഗിച്ചാൽ മതി. എന്നാൽ അതിനും ചില നിക്ഷിപ്ത താത്‌പര്യക്കാർ തടസം നില്‌ക്കുന്നതായി ആക്ഷേപമുണ്ട്. ഒരേ സമയം ഏതാണ്ട് അമ്പത് കോടി ആളുകളുടെ അക്കൗണ്ടുകളാണ് എസ്.ബി.ഐ കാര്യപ്രാപ്തിയോടെ കൈകാര്യം ചെയ്യുന്നത്. ടെക്നോളജിയെപ്പറ്റി നാഴികയ്ക്ക് നാല്പതുവട്ടം സംസാരിച്ചിട്ട് കാര്യമില്ല. ട്രഷറിയിലെ പഴഞ്ചൻ രീതികൾ മാറ്റി ആധുനീകരിക്കാൻ സർക്കാർ നടപടികളെടുക്കണം. അഞ്ചരലക്ഷം പെൻഷൻകാർക്കും നാലേമുക്കാൽ ലക്ഷം സർക്കാർ ജീവനക്കാർക്കുമാണ് മാസത്തിലെ ഒന്നുമുതൽ പത്തുവരെയുള്ള ദിവസങ്ങളിൽ ട്രഷറികളിൽ നിന്ന് ശമ്പളവും പെൻഷനും നല്‌കുന്നത്. അതിനാൽ ആദ്യത്തെ പത്തുദിവസമെങ്കിലും ട്രഷറി കൃത്യതയോടെ പ്രവർത്തിക്കുമെന്ന് ഉറപ്പാക്കേണ്ടത് അധികൃതരുടെ ബാദ്ധ്യതയാണ്.