
തിരുവനന്തപുരം: ഉറക്കെയുള്ള മുദ്രാവാക്യങ്ങൾ സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തലിൽ ഉയരുമ്പോൾ അന്തംവിട്ട് നിൽക്കുകയാണ് മൂന്നര വയസുകാരി ആദിതീർത്ഥ. ജെ.പി.എച്ച്.എൻ ഗ്രേഡ് 2 പോസ്റ്റിലേക്ക് ജനറൽ നഴ്സുമാരെ കയറ്റാനുള്ള നീക്കം പി.എസ്.സി ഉപേക്ഷിക്കുക, ജെ.പി.എച്ച്.എൻ കോഴ്സിൽ മെയിൽ വർക്കേഴ്സിനെ ഉൾപ്പെടുത്താതിരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആൾ കേരളാ ജൂനിയർ പബ്ളിക് ഹെൽത്ത് നഴ്സസ് നടത്തുന്ന അനിശ്ചിതകാല സമരത്തിൽ പങ്കെടുക്കാനെത്തിയതാണ് ആദി.
സെക്രട്ടേറിയറ്റിനു മുന്നിലെ സമരപരമ്പരകൾ കുഞ്ഞ് ആദി സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. അനിശ്ചിതകാല സമരമായതിനാലാണ് തൊട്ടിൽപ്പാലം കുണ്ടുകാട് പി.എച്ച്.സിയിൽ ജെ.പി.എച്ച് നഴ്സായിരുന്ന അതുല്യ മക്കളെയും ഒപ്പം കൂട്ടിയത്. ഒൻപതുമാസം പ്രായമുള്ള ഇളയ മകൾ ആൻവേദയെ അമ്മയ്ക്കൊപ്പം അടുത്തുള്ള ഹോട്ടൽ മുറിയിലാക്കിയാണ് അതുല്യയും ഭർത്താവ് കുറ്റ്യാടി നടുകോയിൽ യു.പി സ്കൂൾ അദ്ധ്യാപകനായ അഖിലേഷും സമരപ്പന്തലിലെത്തിയത്. അമ്മയെ വിട്ട് നിൽക്കില്ലെന്നു പറഞ്ഞ് ആദിയും ഇവർക്കൊപ്പം കൂടുകയായിരുന്നു.
കുഞ്ഞ് ആദിയെയും കൊണ്ടാണ് അതുല്യ ജെ.പി.എച്ച് കോഴ്സ് പഠിക്കാനായി കണ്ണൂരിൽ പോയത്. ഇളയ കുഞ്ഞിനെ ഗർഭിണിയായിരിക്കുമ്പോഴാണ് 2019ൽ പരീക്ഷ എഴുതിയത്. 7600 ഓളം പേർ എഴുതിയ പരീക്ഷയാണ് സർക്കാർ ഇപ്പോൾ റദ്ദു ചെയ്ത് പുനഃപരീക്ഷ നടത്താൻ ഒരുങ്ങുന്നതെന്ന് സമരക്കാർ പറഞ്ഞു. സമരത്തിന്റെ രണ്ടാം ദിനം ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. വാക്സിനേഷനിൽ റെക്കാഡിട്ട് സർക്കാരിന്റെ പ്രശംസ നേടിയ സിസ്റ്റർ പുഷ്പലതയും സമരത്തെ അഭിസംബോധന ചെയ്തു.