
തലസ്ഥാന നഗരിയിൽ കിള്ളിപ്പാലത്ത് തിങ്കളാഴ്ച ആക്രിക്കടയിലുണ്ടായ വൻ അഗ്നിബാധ അഗ്നിസുരക്ഷാ വിഷയത്തിൽ അധികാര കേന്ദ്രങ്ങൾ പുലർത്തുന്ന ആത്മഹത്യാപരമായ കെടുകാര്യസ്ഥതയുടെ ഒരു തെളിവു കൂടിയാണ്. എവിടെയെങ്കിലും ഒരു വലിയ തീപിടിത്തമുണ്ടാകുമ്പോൾ മാത്രമേ അധികാരികൾ ഉണരാറുള്ളൂ. അഗ്നിസുരക്ഷാ ഓഡിറ്റിംഗ് കർക്കശമാക്കുമെന്നും വ്യവസ്ഥകൾ ലംഘിക്കുന്നവരെ രായ്ക്കുരാമാനം കടൽ കടത്തുമെന്നുമൊക്കെ വീമ്പിളക്കൽ പതിവാണ്. തീയും പുകയും കെട്ടടങ്ങുന്നതോടെ എല്ലാം പഴയ പടിയാകും. ഒഴിഞ്ഞുകിടക്കുന്ന ഏതു സ്ഥലം കൈയേറിയും മിടുക്കന്മാർ കച്ചവടകേന്ദ്രങ്ങൾ സ്ഥാപിക്കും. തദ്ദേശസ്ഥാപനങ്ങളിലുള്ളവർക്ക് കൈക്കൂലിയും പാരിതോഷികങ്ങളും നല്കി ലൈസൻസ് ഒപ്പിക്കും. ചിലർ അതിനും മിനക്കെടാറില്ല. കൈയൂക്കും ആൾബലവും മതി അവർക്ക്. അഗ്നിബാധ പോലുള്ള ദുരന്തങ്ങൾ ഉണ്ടാകുമ്പോഴായിരിക്കും ഉദ്യോഗസ്ഥപ്പടയെത്തി പരിശോധന തുടങ്ങുന്നത്. അപ്പോഴായിരിക്കും അവശ്യം വേണ്ട ലൈസൻസ് പോലുമില്ലാതെയാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്ന യാഥാർത്ഥ്യമറിയുന്നത്. തിങ്കളാഴ്ച തീപിടിത്തമുണ്ടായ ആക്രിഗോഡൗൺ സ്ഥിതിചെയ്യുന്ന ബണ്ട് റോഡ് എന്നറിയപ്പെടുന്ന സ്ഥലത്ത് ഇത്തരം അനേകം കടകളുണ്ട്. കരമനയാറിന്റെ തീരം കൈയേറി നിർമ്മിക്കപ്പെട്ടവയാണ് അവയിലധികവും. എല്ലാ സ്ഥാപനങ്ങളുടെയും ലൈസൻസ് പരിശോധിക്കുമെന്നും ലൈസൻസില്ലാത്തവ പൂട്ടിക്കുമെന്നും മേയർ പ്രഖ്യാപനം നടത്തിയത് തിങ്കളാഴ്ചത്തെ അഗ്നിബാധ സൃഷ്ടിച്ച നടുക്കത്തിൽ നിന്നാണ്. ഈ തീ അടങ്ങുന്നതോടെ എല്ലാം പഴയപടിയാകുമെന്ന് ആർക്കാണറിഞ്ഞുകൂടാത്തത്.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വലുതും ചെറുതുമായ നിരവധി തീപിടിത്തങ്ങളുണ്ടായി. കോഴിക്കോട്ട് വലിയൊരു ചെരുപ്പുനിർമ്മാണ യൂണിറ്റ് അഗ്നിക്കിരയായതിൽ ആറുകോടിയിൽപ്പരം രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. കൊച്ചിയിലും തൃശൂരുമൊക്കെ ഇതുപോലെ വലിയ തീപിടിത്തങ്ങളുണ്ടായി. ഓരോ ദുരന്തവും ഒട്ടേറെ മുന്നറിയിപ്പുകൾ അവശേഷിപ്പിച്ചുകൊണ്ടാണ് കടന്നുപോകുന്നത്. അഗ്നിബാധയ്ക്കു ഏറെ സാദ്ധ്യതയുള്ള ഇടങ്ങൾപോലും സുരക്ഷിതമായി സൂക്ഷിക്കുന്നതിൽ പൊതുവേ അലംഭാവമാണു കാണുന്നത്. ഇതിനൊക്കെ ചുമതലപ്പെട്ടവർ എപ്പോഴും ദുരന്തം നടന്നുകഴിഞ്ഞേ രംഗപ്രവേശം ചെയ്യാറുള്ളൂ. പുതിയ നിർമ്മാണങ്ങൾക്കു ലൈസൻസ് ലഭിക്കാൻ അഗ്നിസേനാ എൻ.ഒ.സി നിർബന്ധമായതിനാൽ ഏവരും നിബന്ധനകൾ പാലിക്കാറുണ്ട്. എന്നാൽ പഴയ സ്ഥാപനങ്ങളിൽ അതൊക്കെ ഇപ്പോഴും ഒരു വകയാണ്.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമുള്ള പഴയ വ്യാപാര കേന്ദ്രങ്ങൾ പലതും അഗ്നിസുരക്ഷാഭീഷണി നേരിടുന്നവയാണ് തലസ്ഥാനത്തുതന്നെ ചാലക്കമ്പോളത്തിൽ അഗ്നിബാധയുണ്ടായപ്പോൾ ഒട്ടേറെ പുതിയ സുരക്ഷാനടപടികളെക്കുറിച്ചു പറഞ്ഞുകേട്ടിരുന്നു. സംരക്ഷിത പ്രദേശമായ പദ്മനാഭസ്വാമി ക്ഷേത്രത്തിനു തൊട്ടുമുമ്പിലെ തുണിക്കടയിലും തീപിടിത്തമുണ്ടായി. തീപിടിച്ചാൽ രക്ഷാപ്രവർത്തകർക്കു കടന്നുചെല്ലാൻ പാകത്തിൽ വഴിപോലും ഇല്ലാത്ത നിലയിലായിരുന്നു സ്ഥാപനം പ്രവർത്തിച്ചിരുന്നത്. അന്നും അതിനുശേഷം ഏറെ അകലെയല്ലാതെ പഴവങ്ങാടിയിൽ പ്ളാസ്റ്റിക് ഉത്പന്നങ്ങൾ ഉൾപ്പെടെ വില്ക്കുന്ന വലിയ കടയ്ക്കു തീപിടിച്ചപ്പോഴും നഗരത്തിലൊട്ടാകെ ഫയർ ഓഡിറ്റിംഗ് നടത്തുന്നതിനെക്കുറിച്ചു ധാരാളം പറഞ്ഞുകേട്ടിരുന്നു. കിള്ളിപ്പാലത്ത് വൈദ്യുതി പോസ്റ്റിൽനിന്നു തീപ്പൊരി വീണാണ് ആക്രിഗോഡൗണിനു തീപിടിച്ചതെന്ന് ദൃക്സാക്ഷികൾ പറയുന്നുണ്ട്. വൈദ്യുതി ലൈനിനു തൊട്ടുതാഴെ ഗോഡൗൺ പ്രവർത്തിച്ചിട്ടും എന്തുകൊണ്ട് നടപടിയുണ്ടായില്ലെന്ന ചോദ്യവും പ്രസക്തമാണ്.
നിയമവും ചട്ടങ്ങളും അതു നടപ്പാക്കാൻ വേണ്ട ഉദ്യോഗസ്ഥരുമൊക്കെ ഇല്ലാഞ്ഞിട്ടല്ല ചുമതലപ്പെട്ടവർ കണ്ണടയ്ക്കുന്നതുകൊണ്ടാണ് വൻ ദുരന്തം വിതയ്ക്കുന്ന അഗ്നിബാധകളുണ്ടാകുന്നത്. എളുപ്പം തീപിടിക്കാവുന്ന പഴയ സാധനങ്ങൾ സൂക്ഷിക്കുന്ന ഗോഡൗണുകൾ നടത്തിപ്പുകാർക്കു മാത്രമല്ല ചുറ്റിനുമുള്ളവർക്കും വലിയ ഭീഷണിയാണ്. കിള്ളിപ്പാലത്തെ തീയണയ്ക്കാൻ ഇരുപതിലധികം അഗ്നിശമന യന്ത്രങ്ങൾ അഞ്ചുമണിക്കൂറിലധികമാണ് പ്രവർത്തിക്കേണ്ടിവന്നത്. തൊട്ടരികെ കരമനയാർ ഉണ്ടായിരുന്നതുകൊണ്ട് വെള്ളത്തിനു ക്ഷാമമുണ്ടായില്ല. വേനൽ കടുക്കുന്നതോടെ ചെറിയൊരു തീപ്പൊരി മതി വലിയ ആപത്തുണ്ടാകാൻ. മുന്നൊരുക്കങ്ങളോടെ കരുതിയിരിക്കേണ്ട സമയമാണത്.