satheeshan

തിരുവനന്തപുരം: മുഖ്യമന്ത്രിയും സി.പി.എമ്മും അടിസ്ഥാന വർഗത്തെ മറന്ന് പൗര പ്രമുഖരുമായി മാത്രമാണ് സിൽവർ ലൈൻ പദ്ധതിയെക്കുറിച്ച് സംസാരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. പദ്ധതിയെക്കുറിച്ച് നിയമസഭയിൽ ചർച്ചചെയ്യാൻ തയ്യാറാവാത്ത മുഖ്യമന്ത്രി പൗരപ്രമുഖർക്കായി സമയം കണ്ടെത്തിയിരിക്കുകയാണ്. പദ്ധതിമൂലം കിടപ്പാടവും കൃഷിഭൂമിയും നഷ്ട്ടപ്പെട്ട് ജീവിതം വഴിമുട്ടിപ്പോകുന്ന പാവങ്ങളുമായി പ്രതിപക്ഷം ആശയവിനിമയം നടത്തുമെന്നും സതീശൻ വാർത്താലേഖകരോട് പറഞ്ഞു.

മുഖ്യമന്ത്രിക്ക് കോർപ്പറേറ്റ് ആഭിമുഖ്യം തലയ്ക്കു പിടിച്ചിരിക്കുകയാണ്. കേരളത്തിലെ ഇടതുപക്ഷം തീവ്ര വലതുപക്ഷ നിലപാടിലേക്ക് പോവുകയാണ്. എപ്പോഴും അടിസ്ഥാന വർഗങ്ങൾക്കായി സംസാരിച്ചിരുന്ന സി.പി.എം അധികാരം കിട്ടിയപ്പോൾ പ്രവർത്തിക്കുന്നത് വരേണ്യവർഗത്തിനുവേണ്ടിയാണ്. ഇന്ന് നടക്കുന്ന യു.ഡി.എഫ് കക്ഷി നേതാക്കളുടെ യോഗത്തിൽ സിൽവർ ലൈനുമായി ബന്ധപ്പെട്ട തുടർസമരം തീരുമാനിക്കും.

പൊലീസ് നാണക്കേട്


കേരള ചരിത്രത്തിലെ ഏറ്റവും നാണംകെട്ട അവസ്ഥയിലാണ് പൊലീസ് സേന. രണ്ടാം പിണറായി സർക്കാർ വന്നതോടെ അഹങ്കാരത്തിന് കൈയും കാലും വച്ച ചില നേതാക്കളാണ് പൊലീസിനെ നിയന്ത്രിക്കുന്നത്. ഉന്നതോദ്യോഗസ്ഥർ പറഞ്ഞാൽ താഴെയുള്ളവർ കേൾക്കില്ല. പഴയ സെൽഭരണത്തിന്റെ പുതിയ രൂപമാണിത്. ഒറ്റപ്പെട്ട സംഭവമെന്ന വാക്കുതന്നെ പൊലീസുമായി ബന്ധപ്പെട്ട് തമാശയായി മാറിയിരിക്കുകയാണ്.

ആരെയും നിയന്ത്രിക്കാൻ മുഖ്യമന്ത്രിക്കാകുന്നില്ല. പൊലീസിൽ സംഘപരിവാറും പാർട്ടിയിൽ എസ്.ഡി.പി.ഐയും നുഴഞ്ഞുകയറിയിരിക്കുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി.