
തിരുവനന്തപുരം: പാെതുവിപണിയിൽ തേങ്ങയുടെ വിലയിടിവിനെ തുടർന്ന് സർക്കാർ പ്രഖ്യാപിച്ച പച്ചത്തേങ്ങ സംഭരണം ഇന്ന് മുതൽ ആരംഭിക്കും. കേരഫെഡ്, നാളികേര വികസന കോർപ്പറേഷൻ എന്നിവ വഴിയാണ് പച്ചത്തേങ്ങ സംഭരിക്കുക. കൊപ്ര സംഭരിക്കുന്നത് നാഫെഡ് വഴിയാണ്. വില താഴ്ന്ന സാഹചര്യത്തിലാണ് കിലോയ്ക്ക് 32 രൂപ താങ്ങുവിലയിട്ട് കർഷകരിൽ നിന്ന് പച്ചത്തേങ്ങ സംഭരിക്കാൻ സർക്കാർ തീരുമാനിച്ചത്. സംഭരണം എങ്ങനെയാകണമെന്നത് സംബന്ധിച്ച മാർഗ്ഗനിർദ്ദേശം ഇന്നലെ പുറത്തിറങ്ങി. മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് മാർഗ്ഗനിർദ്ദേശം സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടായത്. കൃഷിവകുപ്പ് ഡയറക്ടർ ടി.വി.സുഭാഷ്, കേരഫെഡ് എം.ഡി ആർ. അശോക്, അഡിഷണൽ സെക്രട്ടറി സാബിർ ഹുസൈൻ എന്നിവർ പങ്കെടുത്തു.
തിരുവനന്തപുരം, കൊല്ലം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലുള്ള സംഭരണ കേന്ദ്രങ്ങളിലാണ് കേരഫെഡ് തുടക്കത്തിൽ സംഭരണം ആരംഭിക്കുക. ഇതിനായി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. തുടർന്ന് സംഭരണം കേരളത്തിലുടനീളം വ്യാപിപ്പിക്കുന്നതിന് സഹകരണ സംഘങ്ങൾ, പ്രൊഡ്യൂസർ കമ്പനികൾ, നാളികേര വികസന കോർപ്പറേഷൻ, കേരഗ്രാമം പദ്ധതിപ്രകാരമുള്ള സമിതികൾ എന്നിവയുമായി ചർച്ച ആരംഭിച്ചു. ധാരണയാകുന്ന മുറയ്ക്ക് കൂടുതൽ സ്ഥലങ്ങളിൽ നിന്ന് പച്ചത്തേങ്ങ സംഭരിക്കും. തുടക്കത്തിൽ 10,000 ടൺ പച്ച തേങ്ങ സംഭരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.
സർട്ടിഫിക്കറ്റ് വേണം
സംഭരണത്തിനായി തേങ്ങ നൽകുന്ന കർഷകർ അതാതിടത്തെ കൃഷി ഓഫീസറുടെ സർട്ടിഫിക്കറ്റ് കൈയിൽ കരുതണം. കർഷകനാണെന്നും എത്ര കൃഷിയുണ്ടെന്നും തെളിയിക്കുന്ന വിവരങ്ങളാണ് സർട്ടിഫിക്കറ്റിൽ വേണ്ടത്. ഇതിന്റെ അടിസ്ഥാനത്തിൽ ചെറുകിട കർഷകരിൽ നിന്ന് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലായിരിക്കും സംഭരണം നടത്തുക. രാവിലെ 10 മുതൽ വൈകിട്ട് 4 വരെയാണ് കേരഫെഡ് കേന്ദ്രങ്ങളിൽ പച്ചത്തേങ്ങ സംഭരിക്കുക. പച്ചത്തേങ്ങ സംഭരിക്കുമ്പോൾ തന്നെ കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് തുക അനുവദിക്കുന്ന രീതിയിലാണ് കേരഫെഡിന്റെ ക്രമീകരണം. പ്രാദേശികമായി സംഭരിക്കുന്ന പച്ചത്തേങ്ങ കൊപ്രയാക്കി കേരഫെഡിന്റെ പ്ലാന്റുകളിൽ സംസ്‌കരിച്ച് വെളിച്ചെണ്ണയാക്കും.