police-crters

വക്കം: നിലയ്ക്കാമുക്കിൽ കോടികൾ വിലമതിക്കുന്ന പൊലീസ് ക്വാർട്ടേഴ്സുകൾ കാടുകയറി നശിക്കുന്നു. നിലയ്ക്കാമുക്കിന് സമീപം റോഡരികിലെ ഒന്നര ഏക്കർ പുരയിടത്തിൽ നിർമ്മിച്ച ഏഴ് വില്ലകളാണ് വർഷങ്ങളായി കാടുകയറി കിടക്കുന്നത്.അറ്റകുറ്റപണികൾ നടത്തിയാലേ ഇതിൽ ഇനി താമസിക്കാൻ കഴിയൂ.

ആറ്റിങ്ങൽ ഡി.വൈ.എസ്.പിയുടെ കീഴിലുള്ള പൊലീസുകാർക്ക് താമസിക്കാൻ വോണ്ടിയാണീ വില്ലകൾ നിർമ്മിച്ചത്. വില്ലകൾ വന്നതോടെ സർക്കാരിന് വീട്ടുവാടക അലവൻസ് എന്ന ഇനത്തിൽ ജീവനക്കാരിൽ നിന്ന് നല്ലൊരു തുകയും ലഭിച്ചിരുന്നു.

വില്ലകൾ നശിച്ചപ്പോൾ പകരം സംവിധാനമെന്ന നിലയിൽ പുരയിടത്തിന്റെ പിൻവശത്ത് ബഹുനില മന്ദിരം പണിഞ്ഞ് ജീവനക്കാർക്ക് നൽകി അധികൃതർ തലയൂരി. ഇവിടെ നാല് കുടുംബത്തിന് താമസിക്കാം. എന്നാൽ പ്രവേശന ഭാഗത്തെ ഭാർഗവി നിലയങ്ങൾ ഉള്ളിൽ താമസിക്കുന്നവരെ ഭയപ്പെടുത്തുന്നു.

ഇടയ്ക്ക് ഇവിടെ ജൈവ പച്ചക്കറി കൃഷിക്കായി സ്ഥലം മിൽക്കോ എന്ന ക്ഷീര വിപണന സംഘം ഏറ്റെടുത്തെങ്കിലും കാര്യമായി ഒന്നും ചെയ്യാനില്ലെന്നു പറഞ്ഞ് അവരും പിന്മാറി. വേനൽ ആരംഭിച്ചതോടെ ക്വാർട്ടേഴ്സിലേക്കുള്ള കുടിവെള്ള വിതരണവും മുടങ്ങി. അതോടെ പുതിയ ക്വാർട്ടേഴ്സിലെ താമസക്കാരും ഒഴിഞ്ഞു. തുടർന്ന് ക്വാർട്ടേഴ്സിന്റെ മുൻ വശത്തെ ഗേറ്റും അധികൃതർ പൂട്ടി മുദ്രവച്ചു. റോഡിനരുകിൽ കണ്ണായ സ്ഥലത്ത് കോടികൾ വിലയുള്ള വസ്തുക്കളും കെട്ടിടങ്ങളും കാട് കയറിയിട്ടും അധികൃതർ മാത്രം കാണുന്നില്ല.

താമസക്കാർ എത്താതെ

ഏഴ് വില്ലകളിലുമായി പത്ത് കുടുംബങ്ങൾക്ക് താമസിക്കാൻ കഴിയുന്ന തരത്തിലാണിതിന്റെ നിർമ്മാണം. എന്നാൽ കെട്ടിടങ്ങൾ നിർമ്മിച്ച ശേഷം വർഷങ്ങളോളം ഇവ ഒഴിഞ്ഞുകിടന്നു. പിന്നീട് താമസിക്കാൻ ജീവനക്കാർക്ക് വിട്ട് നൽകിയപ്പോൾ ജീർണിച്ച കെട്ടിടമാണ് കാണാനായത്. വീടുകൾ ലഭിച്ചവർ ഏറെ നാൾ ഇവിടെ തങ്ങിയതുമില്ല. പിന്നെ അറ്റകുറ്റപ്പണികൾ നടത്തുന്നത് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കുമെന്ന് ബന്ധപ്പെട്ടവർ വിലയിരുത്തി. തുടർന്ന് ജീവനക്കാർ താമസം ഒഴിയുകയായിരുന്നു. ഓരോ വില്ല ഒഴിയുമ്പോഴും പകരം ആളുകൾ എത്താതിരുന്നതിനാൽ പൊലീസ് ക്വാർട്ടേഴ്സ് അനാഥമായി.

തൊണ്ടി മുതലുകളും സൂക്ഷിക്കുന്നത്

വില്ലകൾക്കുള്ളിലും പുറത്തുമായി വലിയ ലോറിയടക്കം പതിനഞ്ചിലധികം കേസിൽപ്പെട്ട വാഹനങ്ങൾ, അനധികൃതമായി കടത്തിക്കൊണ്ടു പോയതിന് കസ്റ്റഡിയിലെടുത്ത തടികൾ, മണൽ എന്നീ തൊണ്ടി മുതലുകളും സൂക്ഷിക്കുന്നത് ഇവിടെയാണ്. കേസുകളിൽപ്പെട്ട ലക്ഷങ്ങൾ വിലയുള്ള വാഹനങ്ങളും ജീർണിച്ച നിലയിലാണിപ്പോൾ.