
തിരുവനന്തപുരം: ദേശീയതലത്തിൽ ബി.ജെ.പിക്കെതിരായ കൂട്ടായ്മയെ നയിക്കാൻ രാഹുൽ ഗാന്ധി അല്ലാതെ മറ്റൊരു നേതാവുണ്ടോ എന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ചോദിച്ചു. ബി.ജെ.പിയ്ക്ക് രാഷ്ട്രീയ ബദലാകാൻ കോൺഗ്രസ് ഉണ്ടാകണമെന്ന് ബിനോയ് വിശ്വം പറഞ്ഞത് ദേശീയ രാഷ്ട്രീയ പശ്ചാത്തലത്തിലാണ്. കേരളത്തിലേത് വ്യത്യസ്തമായ സാഹചര്യമായതിനാൽ ഇവിടെ അത് പ്രയോഗികമാകില്ല. സി.പി.ഐയുടെ കോൺഗ്രസ് അനൂകൂല നിലപാട് തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് തിരിച്ചടിയാകുമെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാദങ്ങളെ കാനം തള്ളി. ഇടതുപക്ഷം യു.പി.എ സർക്കാരിനെ പിന്തുണയ്ക്കുമ്പോഴും 2004ൽ കേരളത്തിൽ പൊതുതിരഞ്ഞെടുപ്പ് നടന്നിട്ടുണ്ട്.
ബി.ജെ.പിയെ നേരിടാൻ രാഷ്ട്രീയ പാർട്ടികളുടെ വിപുലമായ കൂട്ടായ്മ വേണം. കോൺഗ്രസിനെ അതിൽ നിന്ന് മാറ്റി നിറുത്താനാകില്ല. മിക്ക സംസ്ഥാനങ്ങളിലും ബി.ജെ.പി ശക്തമാണ്. കോൺഗ്രസ് ദുർബ്ബലമാകുമ്പോൾ എല്ലായിടത്തും ബദലായി ആ സ്ഥാനത്തേക്കു വരാൻ ഇടതുപക്ഷത്തിനു കഴിയണമെന്നില്ല. ഗ്ലോബലൈസേഷൻ വന്നതോടെ ഇടതുപക്ഷം മൊത്തത്തിൽ ചുരുങ്ങി. പല സംസ്ഥാനങ്ങളിലും അധികാരം നഷ്ടപ്പെട്ടു. ഇപ്പോൾ അധികാരം കേരളത്തിൽ മാത്രമായി ചുരുങ്ങി. എന്നാൽ ഈ നില മെച്ചപ്പെട്ടുവരുമെന്നും പ്രസ്ക്ളബിലെ മീറ്റ് ദ പ്രസിൽ അദ്ദേഹം പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥരിൽ ചിലരുടെ പെരുമാറ്റം സേനയ്ക്ക് നാണക്കേടാണ്. എന്നാൽ, അതിനെ മൊത്തത്തിൽ പറയാൻ കഴിയില്ല. ചില ഒറ്റപ്പെട്ട സംഭവങ്ങളിലെ വിമർശനം ഞങ്ങൾ അറിയിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് നീതി നിഷേധിച്ചാൽ ഞങ്ങൾ അതിനെ എതിർക്കും.
 കെ- റെയിൽ: വ്യത്യസ്ത അഭിപ്രായമില്ല
കെ- റെയിൽ വിഷയത്തിൽ ഇനിയൊരു ഹിതപരിശോധനയുടെയും ആവശ്യമില്ലെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഇക്കാര്യം ജനങ്ങളെ അറിയിച്ചിട്ടുണ്ട്. നിയമസഭയിലും ചർച്ചയുടെ ആവശ്യമില്ല. വിഷയത്തിൽ പാർട്ടിയിൽ വ്യത്യസ്ത അഭിപ്രായമില്ല. റെയിൽവേ വകുപ്പ് കേരളത്തിൽ മറ്റൊരു അതിവേഗ പാത സ്ഥാപിക്കുമെന്ന് പറയുന്നതിനെക്കുറിച്ച് അറിയില്ല. കേരളത്തിന്റെ പദ്ധതിക്കെതിരെ പ്രതിപക്ഷ നേതാക്കൾ കേന്ദ്രസർക്കാരിനെ കാണാൻ പോയത് മുൻപ് കേട്ടുകേൾവിയില്ലാത്തതാണ്.