dd

നെയ്യാറ്രിൻകര: നെയ്യാറ്റിൻകര കോടതി റോ‌ഡിന് സമീപത്ത് നിന്നാരംഭിക്കുന്ന കന്നിപ്പുറം -ഇരുമ്പിൽ പാലം നിർമ്മാണത്തിനായുള്ള സ്ഥലം ഏറ്രെടുക്കൽ നടപടികൾ പുരോഗമിക്കുന്നതായി കെ. ആൻസലൻ എം.എൽ.എ അറിയിച്ചു.

കച്ചവടസ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള തൊഴിലിടങ്ങൾ നഷ്ടമാകുന്നവർക്ക് കെട്ടിടത്തിനും വസ്തുവിനും നിർണയിച്ചിട്ടുള്ള നഷ്ടപരിഹാരത്തിന് പുറമെ വീട് മാറേണ്ടവർക്ക് 3 ലക്ഷം രൂപ വീതം അധികം നൽകും.

ഇവർക്ക് ഒരു വർഷത്തേക്ക് വാടക നൽകുന്നതിനായി 5000 രൂപ വീതവും സാധനങ്ങൾ മാറ്റുന്നതിന് 50,000 രൂപയും നൽകുന്ന പ്രത്യേക പാക്കേജും പ്രഖ്യാപിച്ചു. പാലം നിർമ്മാണത്തിനായി വീടും സ്ഥലവും വിട്ടുനൽകുന്നവരെ ഉൾപ്പെടുത്തി എം.എൽ.എ വിളിച്ചുചേർത്ത യോഗത്തിലാണ് പ്രഖ്യാപനം.

വികസന പദ്ധതികൾക്കായി സ്ഥലം വിട്ടുനൽകേണ്ടവരെ ബലം പ്രയോഗിച്ച് ഇറക്കിവിടില്ലെന്നും അവരുടെ പ്രശ്നങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കുമെന്നും എം.എൽ.എ പറഞ്ഞു. യോഗത്തിൽ ഡെപ്യൂട്ടി കളക്ടർ ജേക്കബ് സഞ്ജയ് ജോൺ, സ്പെഷ്യൽ തഹസിൽദാർ രമേശ് കുമാർ, വാർഡ് കൗൺസിലർമാരായ അജിത, ഷിബുരാജ് കൃഷ്ണ തുടങ്ങിയവർ പങ്കെടുത്തു.

യാത്രാദുരിതം മാറും

നെയ്യാറ്റിൻകര ടൗൺ എൽ.പി.എസിൽ പഠിക്കുന്ന ഇരുമ്പിലും പരിസര പ്രദേശങ്ങളിലുമുള്ള കുട്ടികളടക്കം യാത്രക്കാർ നിലവിൽ കടത്തുവള്ളത്തെയാണ് ആശ്രയിക്കുന്നത്. ഇവർക്ക് ഏറെ ആശ്വാസകരമാണ് പദ്ധതി.

ഇരുമ്പിലും പരിസരപ്രദേശങ്ങളിലുമുളളവർക്ക് ഏറെ ആശ്വാസമാണ് ഈ പദ്ധതി. കിഫ്‌ബി ഫണ്ടിൽ നിന്നും 10.6 കോടി രൂപ ചെലവിട്ടാണ് 60 മീറ്റർ നീളവും 7.5 മീറ്റർ വീതിയുമുള്ള പാലത്തിന്റെ നിർമ്മാണം. നേരത്തെ ജില്ലാ ജഡ്ജി പാലത്തിന്റെ ആവശ്യകത ബോദ്ധ്യപ്പെട്ട് അനുകൂല റിപ്പോർട്ട് നൽകിയതിനാൽ അപ്രോച്ച് റോഡിനാവശ്യമായ സ്ഥലം കോടതി കോംപ്ലക്സിൽ നിന്ന് വിട്ടുനൽകുന്നതിന് ഹൈക്കോടതി രജിസ്ട്രാർ ഉത്തരവ് നൽകിയിരുന്നു. ഇരു കരകളിലുമായി 10.93 ആർ ഭൂമിയാണ് ഏറ്റെടുക്കേണ്ടി വരുന്നത്.