
ആശങ്കളും അഭിപ്രായങ്ങളും പങ്കുവച്ച് പ്രമുഖർ
മതത്തിനല്ല, മനുഷ്യന് പ്രാധാന്യം നൽകണമെന് സ്വാമിസച്ചിദാനന്ദ
തിരുവനന്തപുരം: തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള സെമി ഹൈസ്പീഡ് റെയിൽ പദ്ധതിയായ സിൽവർ ലൈനുമായി ബന്ധപ്പെട്ട് ഉയരുന്ന ആശങ്കകൾ തീരാൻ സർക്കാർ ധവളപത്രമിറക്കണമെന്ന് ആവശ്യം. വിവാദങ്ങൾക്കിടെ സമയവായത്തിലൂടെ പദ്ധതി നടപ്പാക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ഇന്നലെ വിളിച്ചുചേർത്ത, സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ പങ്കെടുത്ത ജനസമക്ഷം സിൽവർലൈൻ യോഗത്തിലാണ് ഇതു സംബന്ധിച്ച ആവശ്യമുയർന്നത്.
മുൻ ചീഫ് സെക്രട്ടറി ഡോ. കെ.ജയകുമാറും ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുമാണ് ഇക്കാര്യം മുന്നോട്ടുവച്ചത്. പദ്ധതി നാടിന് ഗുണകരമാണെന്നും മതത്തിനല്ല, മനുഷ്യനാണ് പ്രധാന്യം നൽകേണ്ടതെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.
പദ്ധതിയുടെ വിശദ പദ്ധതിരേഖ പ്രസിദ്ധീകരിക്കുന്നതിനുള്ള നിയമപരമായ പ്രശ്‌നങ്ങൾ യോഗത്തിൽ കെ- റെയിൽ മാനേജിംഗ് ഡയറക്ടർ വി. അജിത് കുമാർ വിശദീകരിച്ചിരുന്നു. വിവിധ മേഖലകളെ പ്രതിനിധീകരിച്ചെത്തിയവർ തങ്ങളുടെ ആശങ്കകളും അഭിപായങ്ങളും പങ്കുവച്ചെങ്കിലും, പൊതുവായി പദ്ധതി നടപ്പാക്കണമെന്ന് നിറഞ്ഞ കൈയടികളോടെ സർക്കാരിനെ പിന്തുണച്ചു.
ഒരു മണിക്കൂറോളം നീണ്ട ചോദ്യോത്തര പരിപാടിയിൽ ഓർത്തഡോക്‌സ് സഭ തിരുവനന്തപുരം ഭദ്രാസനാധിപൻ ഡോ.ഗബ്രിയൽ മാർ ഗ്രിഗോറിയോസ്, മുൻ ഡി.ജി.പി ജേക്കബ് പുന്നൂസ്, തിരുവനന്തപുരം മെഡി.കോളേജ് ആർ.എം.ഒ ഡോ. മോഹൻ റോയ്, സായിഗ്രാമം എക്‌സിക്യുട്ടീവ് ഡയക്ടർ കെ.എൻ. ആനന്ദകുമാർ, ട്രിവാൻഡ്രം ചേംബർ ഒഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് പ്രസിഡന്റ് രഘുചന്ദ്രൻ നായർ തുടങ്ങിയവരും സംസാരിച്ചു. സംശയങ്ങൾ ഉന്നയിച്ചവർക്ക് കെ- റെയിൽ എം.ഡി മറുപടി നൽകി.
? നഷ്ടപരിഹാരം നൽകുന്നതിന് സമയ ക്ലിപ്തത ഉറപ്പാക്കുമോ. ആശങ്കകൾ പരിഹരിക്കാൻ മുൻകൂർ ഗ്യാരണ്ടി നൽകുമോ.
ആശങ്ക: കർദ്ദിനാൾ ക്ലിമ്മീസ് കാത്തോലിക്കാ ബാവ (മലങ്കര കത്തോലിക്കാസഭ അദ്ധ്യക്ഷൻ
ഉത്തരം : രണ്ടുവർഷം കൊണ്ട് സ്ഥലമെടുപ്പ് പൂർത്തിയാക്കും. പണം നൽകി മാത്രമേ സ്ഥലം ഏറ്റെടുക്കൂ. സ്ഥലം ഏറ്റെടുത്ത ശേഷം പണം നൽകുന്ന രീതിയല്ല. സ്ഥലം ഏറ്റെടുക്കുന്നതിനായി ആദ്യഘട്ടമായി 2100 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
? മസ്ജിദുകളും ഖബർസ്ഥാനുകളും സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പാക്കുമോ. പദ്ധതിയുടെ ഭാഗമായി വനം നശിപ്പിച്ച് ടൗൺഷിപ്പുകൾ പണിയേണ്ടി വരുമോ.
ആശങ്ക: വി.പി. ഷുഹൈബ് മൗലവി, പാളയം ഇമാം
ഉത്തരം: പരമാവധി ആരാധനാലയങ്ങൾ ഒഴിവാക്കിയാണ് സ്ഥലം ഏറ്റെടുക്കുന്നത്. ഒന്നോ രണ്ടോ സ്ഥലങ്ങളിൽ മറ്റു വഴികളില്ലാതെയാണ് ചില ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത്. പദ്ധതിയുടെ ഭാഗമായി ഒരു വനമേഖലയും ഉൾപ്പെട്ടിട്ടില്ല. വനനശീകരണം ഉണ്ടാകില്ല.
? വാടകക്കെട്ടിടങ്ങളിൽ സ്ഥാപനങ്ങൾ നടത്തുവർക്കും ജോലി നഷ്ടപ്പെടുന്നവർക്കും സഹായം ഉറപ്പാക്കുമോ? സിൽവർ ലൈനിലൂടെ പഴങ്ങളും പച്ചക്കറികളും എത്തിക്കാൻ സൗകര്യമുണ്ടാകുമോ.
ആശങ്ക: പെരിങ്ങമ്മല രാമചന്ദ്രൻ, സംസ്ഥാന വൈസ് പ്രസിഡന്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി
ഉത്തരം : തൊഴിൽ നഷ്ടപ്പെടുന്ന സ്വയം തൊഴിലുകാർക്ക് 50,000 രൂപയും വാടകക്കെട്ടിടത്തിലെ വാണിജ്യ സ്ഥാപനം നഷ്ടപ്പെടുന്നവർക്ക് രണ്ടു ലക്ഷം രൂപയും നൽകും. ഒഴിപ്പിക്കുന്ന വാണിജ്യസ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് ആറായിരം രൂപവീതം ആറുമാസം. പഴവും പച്ചക്കറികളും കൊണ്ടുവരാൻ പ്രത്യേക സൗകര്യമുണ്ടാകും.
? രോഗികളെ അടിയന്തര സാഹചര്യങ്ങളിൽ മാറ്റാൻ സംവിധാനമൊരുക്കുമോ.
ചോദ്യം: ഡോ.സി.വി.പ്രശാന്ത്, ഐ.എം.എ, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്
ഉത്തരം: അത്യാവശ്യ സാഹചര്യങ്ങളിൽ ആംബുലൻസിനായി ഒരു ക്യാബിൻ മാറ്റാൻ കഴിയും. ഡി.പി.ആറിൽ ഇക്കാര്യം ഉൾപ്പെടുത്തിയിട്ടുണ്ട്.
? പദ്ധതി എത്രത്തോളം സ്ത്രീ സൗഹൃദമായിരിക്കും.
ചോദ്യം: ഡോ. നീനാ പ്രസാദ്, നർത്തകി
ഉത്തരം: സ്ത്രീകൾക്ക് രാത്രികാലയാത്ര പരമാവധി ഒഴിവാകും. കാസർകോടു നിന്ന് തിരുവനന്തപുരത്തേക്ക് ദിവസവും ജോലിക്ക് വന്നുപോകാം. എല്ലാ സ്റ്റേഷനുകളും സ്ത്രീ സൗഹൃദമായിരിക്കും.