22

തിരുവനന്തപുരം: തുടർച്ചയായ കടലാക്രമണത്തിൽ തകർന്ന ശംഖുംമുഖം - എയർപോർട്ട് റോഡിലെ ഡയഫ്രം വാളിന്റെ നിർമ്മാണം ഫെബ്രുവരി അവസാനത്തോടെ പൂർത്തിയാകും. ഇതിനുശേഷം മാർച്ചിൽ രണ്ടുവരിറോഡിന്റെ നിർമ്മാണം ആരംഭിക്കുമെന്ന് നിർമ്മാണ മേൽനോട്ട ചുമതലയുള്ള പി.ഡബ്ല്യൂ.ഡി അധികൃതർ പറഞ്ഞു.

മന്ത്രിമാരായ മുഹമ്മദ് റിയാസും ആന്റണി രാജുവും സ്ഥലം സന്ദർശിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തിയിരുന്നു. മന്ത്രിമാരുടെ സന്ദർശനത്തിന് പിന്നാലെ പദ്ധതിയിൽ പുരോഗതിയുണ്ടായിട്ടുണ്ട്. ഊരാളുങ്കൽ സൊസൈറ്റിയാണ് ഡയഫ്രം വാളിന്റെയും ഗൈഡ് വാളിന്റെയും നിർമ്മാണം ഏറ്റെടുത്ത് നടത്തുന്നത്.

ഗൈഡ് വാളും

ഡയഫ്രം വാളും

ഡയഫ്രം വാളിന്റെ നിർമ്മാണത്തിന് സഹായകമായ ഗൈഡ് വാളിന്റെ നിർമ്മാണം പൂർത്തിയായിട്ട് രണ്ടാഴ്ചയായി. ഡയഫ്രംവാൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ക്രെയിൻ മാതൃകയിലുള്ള ഹൈഡ്രോളിക് ഗ്രാബ്സ് യന്ത്രത്തിന്റെ സുഗമമായ സഞ്ചാരത്തിനാണ് താത്കാലികമായി ഗൈഡ് വാൾ പ്ലാറ്റ്‌ഫോം നിർമ്മിച്ചത്.

ഏതാണ്ട് 40ടൺ ഭാരം വരുന്ന ഹൈഡ്രോളിക് യന്ത്രം വെറും നിലത്തുകൂടി കൊണ്ടുപോയാൽ തറ ഇടിയുമെന്നതിനാലാണ് ഗൈഡ് വാളുകൾ നിർമ്മിച്ചിരിക്കുന്നത്. ഗൈഡ് വാളിന്റെ ഇടയ്ക്കുള്ള ഗ്യാപ്പിലാണ് ഡയഫ്രം വാൾ നിർമ്മിക്കാനുള്ള പൈലിംഗ് ചെയ്യുന്നത്. ഡയഫ്രം വാളിന്റെ നിർമ്മാണവും കടൽക്ഷോഭം കാരണം തകർന്ന തീരം മണ്ണിട്ട് നികത്തി റോഡിന്റെ അതേ ലെവലിൽ മാറ്റിയെടുക്കുന്ന പ്രക്രിയയാണ് നടക്കുന്നത്. നൂതന സാങ്കേതികവിദ്യകളുപയോഗിച്ച് ശക്തമായ കാറ്റിനെയും തിരയടിയെയും പ്രതിരോധിക്കുന്ന വിധമാണ് നിർമ്മാണം.

360 മീറ്ററിൽ ഒരുക്കുന്ന സുരക്ഷ

വലിയതോപ്പ് മുതൽ പഴയ കോഫിഹൗസ് വരെയുള്ള കടൽത്തീരത്താണ് ഡയഫ്രം വാളിന്റെയും റോഡിന്റെയും നിർമ്മാണം പുരോഗമിക്കുന്നത്. ആകെ 360 മീറ്ററിൽ നടക്കുന്ന ഡയഫ്രം വാളിന് 12 കോടിയും റോഡ് നിർമ്മാണത്തിന് 1.6കോടിയുമാണ് നിർമ്മാണച്ചെലവ്. 245 മീറ്ററാണ് ആദ്യം പുനർ നിർമ്മിക്കാൻ ഉദ്ദേശിച്ചിരുന്നതെങ്കിലും കടൽക്ഷോഭ സാദ്ധ്യതകൾ കണക്കിലെടുത്താണ് 115 മീറ്റർ കൂടി ഉൾപ്പെടുത്തിയത്.

നേരത്തെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് 6.39കോടി രൂപ റീബിൽഡ് കേരള ഇനിഷ്യേറ്റീവ് വഴി സർക്കാർ അനുവദിച്ചു. അധികത്തുക പൊതുമരാമത്ത് കൂടി നൽകിയതോടെയാണ് നിർമ്മാണം ആരംഭിച്ചത്. സെൻട്രൽ റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് പുനർനിർമ്മാണ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയത്.

ഡയഫ്രം വാൾ
-------------------------

പദ്ധതിത്തുക - 12കോടി രൂപ

ആകെ നീളം - 360 മിറ്റർ

റോഡ് നിർമ്മാണം - 1.6കോടി രൂപ