arif-muhammed-khan

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ 'രാജാവ്" എന്ന് പരിഹാസരൂപേണ വിശേഷിപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തനിക്കെതിരായ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ വിമർശനങ്ങളെ കളിയാക്കി വാർത്താലേഖകരോട് പ്രതികരിക്കുമ്പോഴാണ് മുഖ്യമന്ത്രിക്കെതിരെയും ഗവർണറുടെ പരിഹാസമുണ്ടായത്.

" പ്രതിപക്ഷ നേതാവ് സർക്കാരിന്റെ വളരെ അടുത്ത ആളാണ്. അദ്ദേഹത്തിന് രാജാവിനെക്കാൾ വലിയ രാജഭക്തിയാണ്. സതീശൻ 'രാജാവിനോട്" ചോദിച്ച് കാര്യങ്ങൾ മനസിലാക്കട്ടെ" - ഗവർണർ പറ‍ഞ്ഞു. നിയമസഭ തീരുമാനിക്കാതെ ചാൻസലർ പദവിയിൽ നിന്ന് ഗവർണർക്ക് ഒഴിയാനാവില്ലെന്ന സതീശന്റെ പ്രസ്താവന ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ പോക്കറ്റിൽ നിന്നൊരു കുറിപ്പെടുത്ത് നാടകീയമായി "മറുപടി... അർഹിക്കുന്നില്ല..." എന്ന് മുറിമലയാളത്തിൽ വായിച്ച് ഗവർണർ വീണ്ടും സതീശനെ 'ട്രോളി'.

തന്റെ വാ മൂടിക്കെട്ടിയിരിക്കുകയാണ്. രാജ്യത്തിന്റെ യശസ്സിനെ ബാധിക്കുന്ന ഒരു കാര്യവും താൻ വെളിപ്പെടുത്തില്ല. രാജ്യത്തിന്റെ പ്രതീകങ്ങളോട് അങ്ങേയറ്റം ബഹുമാനം കാണിക്കണം. വളരെ ഗുരുതരമായ കാര്യങ്ങളുണ്ടെന്നും എന്നാൽ,​ മര്യാദ കാരണം ഒന്നും പറയുന്നില്ലെന്നും ഗവർണർ പറഞ്ഞു. മര്യാദയുടെ സീമ പാലിക്കണം എന്നാവശ്യപ്പെട്ട ഗവർണർ, 'മര്യാദ' എന്ന് മലയാളത്തിൽ എടുത്തുപറഞ്ഞും സർക്കാരിന് മുന്നറിയിപ്പ് നൽകാൻ മറന്നില്ല. മര്യാദ പാലിക്കാത്തതിൽ ലജ്ജ തോന്നണമെന്നും കൂട്ടിച്ചേർത്തു.