
തിരുവനന്തപുരം: ബി.ജെ.പിക്കെതിരായ വിശാല കൂട്ടായ്മയിൽ കോൺഗ്രസിന്റെ അനിവാര്യതയെച്ചൊല്ലിയുള്ള സി.പി.എം- സി.പി.ഐ ഭിന്നത, സംസ്ഥാന നേതാക്കളേറ്റെടുത്തതോടെ തുറന്ന വാക്പോരിലേക്കെത്തി. ബിനോയ് വിശ്വം തുടങ്ങി വച്ച സംവാദം ഇന്നലെ പാർട്ടികളുടെ സംസ്ഥാന സെക്രട്ടറിമാരായ കോടിയേരി ബാലകൃഷ്ണനും കാനം രാജേന്ദ്രനും ഏറ്റെടുത്തു. സി.പി.ഐ മുഖപത്രം മുഖപ്രസംഗത്തിലൂടെ ബിനോയ് വിശ്വത്തെ ന്യായീകരിച്ചപ്പോൾ, കോൺഗ്രസിനെ തള്ളപ്പറഞ്ഞ് സി.പി.എം മുഖപത്രത്തിൽ കോടിയേരി ലേഖനമെഴുതി.
അനവസരത്തിലുള്ള ഇത്തരം ചർച്ചകൾ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ സഹായിക്കുകയേ ഉള്ളൂവെന്ന് കോടിയേരി മാദ്ധ്യമങ്ങളോട് പ്രതികരിച്ചപ്പോൾ, മുമ്പും ദേശീയതലത്തിൽ യു.പി.എയെ പിന്തുണച്ചപ്പോൾ കേരളത്തിൽ വേറിട്ട സ്ഥിതിയുണ്ടായിട്ടുണ്ടെന്ന് കാനം മറുപടി നൽകി. ബി.ജെ.പിക്കെതിരായ കൂട്ടായ്മയെ നയിക്കാൻ രാഹുൽ ഗാന്ധിയല്ലാതെ മറ്റാരെങ്കിലുമുണ്ടോയെന്ന് കാനം ചോദിച്ചു.
സംഘപരിവാറിന്റെ വർഗീയ രാഷ്ട്രീയത്തിനെതിരെ പ്രതിരോധം തീർക്കാൻ കോൺഗ്രസ് തയാറാവാത്തത്
ആ പാർട്ടിയുടെ തകർച്ചയിലേക്ക് നയിച്ചെന്ന് കോടിയേരി ലേഖനത്തിൽ പറഞ്ഞു. അധികാരം തേടിപ്പോകുന്ന നേതാക്കൾ ഒന്നിന് പിറകെ ഒന്നായി ബി.ജെ.പിയിലേക്ക് ചേക്കേറി. കോൺഗ്രസിന്റെ ഈ സമീപനം മതനിരപേക്ഷ ചിന്താഗതിക്കാർക്ക് അംഗീകരിക്കാനായില്ല. അത്തരം ചിന്താഗതിക്കാർ കോൺഗ്രസ് വിട്ട് പ്രധാന പ്രാദേശിക കക്ഷികളിലേക്ക് ചേക്കേറി. സംസ്ഥാനതലങ്ങളിൽ മതനിരപേക്ഷ ബദലുകളെ രൂപപ്പെടുത്തുകയെന്ന ആശയം സി.പി.എം മുന്നോട്ട് വയ്ക്കുന്നത് അതിനാലാണെന്നും കോടിയേരി വ്യക്തമാക്കി.
ബി.ജെ.പിയെ നേരിടാൻ പാർട്ടികളുടെ വിപുലമായ കൂട്ടായ്മ വേണമെന്ന് പറഞ്ഞ കാനം ,അതിൽ നിന്ന് കോൺഗ്രസിനെ മാറ്റിനിറുത്താനാവില്ലെന്നും വ്യക്തമാക്കി. മിക്ക സംസ്ഥാനങ്ങളിലും ബി.ജെ.പി ശക്തമാണ്. കോൺഗ്രസ് ദുർബലമാകുമ്പോൾ എല്ലായിടത്തും ബദലായി ആ സ്ഥാനത്തെത്താൻ ഇടതുപക്ഷത്തിന് കഴിയണമെന്നില്ല.. പ്രാദേശിക പാർട്ടികളുമായി ചേർന്ന് ഇടതുപക്ഷത്തിന് മാത്രമേ ബദലുണ്ടാക്കാനാവൂവെന്ന പിണറായി വിജയന്റെ അഭിപ്രായം സി.പി.എമ്മിന്റെ കാഴ്ചപ്പാടാണെന്നും കാനം പറഞ്ഞു.
കോൺഗ്രസിന്റെ സാമ്പത്തിക നയത്തിൽ ഇടതുപക്ഷത്തിന് മാത്രമല്ല, കോൺഗ്രസിൽ തന്നെ വലിയൊരു
വിഭാഗത്തിന് അഭിപ്രായ ഭിന്നതയുണ്ടെന്ന് സി.പി.ഐ മുഖപത്രം മുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.എന്നാൽ ഇന്ന് രാജ്യം നേരിടുന്ന മുഖ്യ വെല്ലുവിളി മതനിരപേക്ഷത, ജനാധിപത്യം, ഭരണഘടന എന്നിവയുടെയും ഭരണഘടനാ സ്ഥാപനങ്ങളുടെയും നിലനില്പാണ്. അവിടെയാണ് മുഖ്യപ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിന് ബി.ജെ.പിക്കെതിരായ രാഷ്ട്രീയ ബദലിനുള്ള പ്രസക്തിയെന്നും മുഖപത്രം വ്യക്തമാക്കി.