കടയ്ക്കാവൂർ: കുടിവെള്ളക്ഷാമം അതിരൂക്ഷമായ തീരദേശത്തെ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽ പൈപ്പുലൈൻ പൊട്ടി ലിറ്റർ കണക്കിന് കുടിവെള്ളം പാഴായിട്ടും തിരിഞ്ഞുനോക്കാതെ ജലഅതോറിട്ടി. കായിക്കര പ്രധാന റോഡിന് സമീപത്തുകൂടി കടന്നുപോകുന്ന പ്രധാന പൈപ്പ് ലൈനാണ് മാസങ്ങളായി പൊട്ടിയൊലിക്കുന്നത്. വാർഡ് മെമ്പർ അടക്കമുള്ളവരോട് പ്രദേശവാസികൾ നിരവധി തവണ പരാതി അറിയിച്ചതോടെ ഗ്രാമ പഞ്ചായത്ത് അധികൃതർ വാട്ടർ അതോറിട്ടിയുമായി ബന്ധപ്പെട്ടെങ്കിലും കുടിവെള്ളം പാഴാകുന്നത് തടയാൻ യാതൊരു നടപടിയും സ്വീകരിച്ചില്ല. ഇതോടെ പ്രദേശത്തെ നിരവധി മേഖലകളിൽ കുടിവെള്ളം എത്താത്ത അവസ്ഥയാണ്. തീരപ്രദേശം ആയതിനാൽ ഭക്ഷണം പാകംചെയ്യുന്നതിനടക്കം പൈപ്പുവെള്ളമാണ് ആശ്രയം. ഇവരാണ് കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നത്.