കടയ്ക്കാവൂർ: തീരപ്രദേശമായ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽ തകരാറിലായിരുന്ന എ.ടി.എം വീണ്ടും പ്രവർത്തിച്ചു തുടങ്ങി. കേരളകൗമുദിയിൽ വന്ന വാർത്തയെ തുടർന്നാണ് നടപടി. അഞ്ചുതെങ്ങ് ജംഗ്‌ഷനിൽ സ്ഥാപിച്ചിട്ടുള്ള കനറാ ബാങ്കിന്റെ എ.ടി.എമ്മാണ് അറ്റകുറ്റപണികൾ തീർത്ത് വീണ്ടും പ്രവർത്തനക്ഷമമാക്കിയത്. കഴിഞ്ഞ രണ്ട് മാസത്തിലേറെയായി ഇത് പ്രവർത്തനരഹിതമായിരുന്നു. ഇതേ തുടർന്നാണ് കേരള കൗമുദി വാർത്ത നൽകിയത്. തുടർന്നാണ് അധികൃതർ അടിയന്തരമായി ഇടപെട്ട് എ.ടി.എം അറ്റകുറ്റപണികൾ തീർത്ത് കാര്യക്ഷമാമാക്കാൻ തയ്യാറായത്. കൊവിഡ് വകഭേദ വ്യാപന ഭീതിയിൽ കഴിയുന്ന തീരപ്രദേശത്തിന് അവശ്യഘട്ടങ്ങളിൽ എ.ടി.എമ്മിൽ നിന്ന് തുക പിൻവലിക്കാൻ കഴിയാത്തതിനാൽ പ്രദേശവാസികൾ ഏറേ ബുദ്ധിമുട്ടിയിരുന്നു.