
കേരളത്തിന്റെ തെക്കുവടക്ക് അതിവേഗയാത്ര സാദ്ധ്യമാക്കുന്ന നിർദ്ദിഷ്ട സെമി ഹൈസ്പീഡ് റെയിൽപ്പാത പൂർണമായും പരിസ്ഥിതി സൗഹൃദ പദ്ധതിയാണ്. തണ്ണീർത്തടങ്ങളുടെയും ജലാശയങ്ങളുടെയും സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്താതെയും നെൽപ്പാടങ്ങൾ നശിപ്പിക്കാതെയും, 88 കിലോമീറ്റർ ദൂരം തൂണുകൾക്കു മുകളിലായുമാണ് പാത പണിയുക. മുറിക്കുന്ന ഓരോ മരത്തിനു പകരവും പത്തു തൈകൾ വച്ചുപിടിപ്പിക്കും. പാത കടന്നുപോവുന്ന ജലാശയങ്ങൾക്കരികിലെ കണ്ടൽക്കാടുകൾ സംരക്ഷിക്കും. വനമേഖലകളിലൂടെയോ വന്യജീവി സങ്കേതങ്ങളിലൂടെയോ പരിസ്ഥിതിലോല പ്രദേശങ്ങളിലൂടെയോ പാത കടന്നുപോകുന്നില്ല.
സിൽവർലൈൻ പദ്ധതി കൊണ്ട് പ്രളയമുണ്ടാവില്ലെന്നാണ് കെ- റെയിൽ എം.ഡി വി.അജിത്കുമാറിന്റെ ഉറപ്പ്. പാലങ്ങളുടെയും കലുങ്കുകളുടെയും നിർമ്മാണത്തിന്, നൂറു വർഷത്തെ പ്രളയ ജലനിരപ്പ് കണക്കാക്കി ഇന്ത്യൻ റെയിൽവേ കൺസൾട്ടിംഗ് സ്ഥാപനമായ റൈറ്റ്സ്, ഹൈഡ്രോഗ്രഫി പഠനം തുടങ്ങിയിട്ടുണ്ട്. പെരിയാറിനു കുറുകെ ആലുവയിലും ഭാരതപ്പുഴയ്ക്കു കുറുകെ കുറ്റിപ്പുറത്തും രണ്ട് പ്രധാന പാലങ്ങൾ. പുറമെ, 40 വലിയ പാലങ്ങളും 290 ചെറിയ പാലങ്ങളും.
കുലുക്കവും ശബ്ദവും കുറഞ്ഞ ഇലക്ട്രിക് ട്രെയിനുകളാണ് സിൽവർ ലൈൻ പദ്ധതിയിൽ ഓടുക. നിലവിലെ ട്രെയിനുകളേക്കാൾ ശബ്ദവും കുലുക്കവും കുറവ്. കാർഷികവിഭവങ്ങളും പഴങ്ങളും പച്ചക്കറികളും കൊണ്ടുപോകാൻ സംവിധാനമുണ്ടാകും. അടിയന്തരസാഹചര്യത്തിൽ ആംബുലൻസായി ഉപയോഗിക്കാനുള്ള ഒരു കോച്ചും ട്രെയിനിലുണ്ടാവും. നിലവിലെ റെയിൽവേ ട്രാക്കിന് ഇരുവശവും 30 മീറ്ററിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് റെയിൽവേയുടെ മുൻകൂർ അനുമതി വേണമെങ്കിൽ സിൽവർലൈനിൽ ഇത് പത്തു മീറ്ററാണ്.
2018ലെയും 2019ലെയും പ്രളയനിരപ്പ് പരിശോധിച്ച്, കൂടിയ ജലനിരപ്പിൽ നിന്ന് അഞ്ചു മീറ്റർ ഉയരത്തിലായിരിക്കും പാലങ്ങൾ നിർമ്മിക്കുക. നിർദ്ദിഷ്ട റെയിൽപ്പാളങ്ങളുടെയും യാർഡുകളുടെയും സ്റ്റേഷനുകളുടെയും നിരപ്പ് തീരുമാനിക്കുന്നത് ടോപ്പോഗ്രഫിക് പഠന റിപ്പോർട്ട് അനുസരിച്ചാകും. പ്രളയസാദ്ധ്യതയുള്ള മേഖലകളിൽ തൂണുകളോ പാലങ്ങളോ നിർമ്മിക്കും. ഒരു നൂറ്റാണ്ടിലെ പ്രളയം, വേലിയേറ്രം, വേലിയിറക്കം എന്നിവ പഠിച്ചശേഷമാണ് പദ്ധതിയുടെ രൂപകല്പന.
അതിവേഗം, ബഹുലാഭം
തിരുവനന്തപുരത്തു നിന്ന് 1.25 മണിക്കൂറിൽ കൊച്ചിയിലും, അവിടെ നിന്ന് 75 മിനിറ്റിൽ കോഴിക്കോട്ടുമെത്താം. യാത്രാനിരക്ക് കിലോമീറ്ററിന് 2.75 രൂപ.
തിരുവനന്തപുരം- കാസർകോട് യാത്രയ്ക്ക് നിലവിൽ വേണ്ടുന്ന സമയം കണക്കിലെടുത്താൽ പ്രതിദിന മാനുഷിക സമയലാഭം 2,80,000 മണിക്കൂർ
ആറുവരി ദേശീയപാത നിർമ്മിക്കുന്നതിന്റെ പകുതി ഭൂമി മതി 15- 25മീറ്റർ വീതിയിൽ സെമി ഹൈസ്പീഡ് റെയിലിന്. പാറ, മണ്ണ്, മണൽ എന്നിവയെല്ലാം കുറഞ്ഞ അളവിൽ മതി.
പ്രളയമുണ്ടായാലും മുങ്ങാത്ത പാതയാണിത്. പാത കടന്നുപോകുന്നത് 100 വർഷത്തെ പ്രളയവിതാനത്തിലും ഒരുമീറ്റർ ഉയരത്തിൽ.
ലോറി ചരക്കു സഹിതം കയറ്റിക്കൊണ്ടുപോകാവുന്നതിനാൽ റോഡിൽ ചരക്കു വാഹനങ്ങളുടെ തിരക്ക് കുറയും.
............
കാർബൺ ബഹിർഗമനം കുറയുന്നതും ഇന്ധനഉപയോഗം കുറയുന്നതും പ്രകൃതിക്ക് ഗുണകരമാണ്. പ്രകൃതിയെ മറന്നുള്ള വികസനമല്ല ഉദ്ദേശിക്കുന്നത്. ഏറ്റവും കുറഞ്ഞ പാരിസ്ഥിതിക ആഘാതമുണ്ടാകുന്ന തരത്തിൽ പദ്ധതി നടപ്പാക്കും.
-പിണറായി വിജയൻ
മുഖ്യമന്ത്രി
.....................
12,872 വാഹനങ്ങൾ:
ആദ്യവർഷം റോഡിൽ നിന്ന് ഒഴിവാകുന്നത്
46,206 യാത്രക്കാർ:
റോഡ് യാത്രയിൽ നിന്ന് പ്രതിദിനം മാറുന്നത്
530 കോടി രൂപ:
പ്രതിവർഷം ലാഭിക്കാവുന്ന ഇന്ധനച്ചെലവ്
2.80 ലക്ഷം ടൺ:
ആദ്യവർഷം ഇല്ലാതാക്കാനാവുന്ന കാർബൺ ബഹിർഗമനം
കടമ്പകൾ ഇനിയും ഏറെ
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്ക് റെയിൽവേയുടെ തത്വത്തിലുള്ള അനുമതി മാത്രമാണ് ലഭിച്ചിട്ടുള്ളത്. ഡി.പി.ആർ പരിശോധിച്ച് റെയിൽവേ ഉന്നയിച്ച സംശയങ്ങൾക്ക് കെ-റെയിൽ മറുപടി നൽകിയിട്ടുണ്ട്. യാത്രക്കാരുടെ എണ്ണം, ട്രെയിൻ യാത്രക്കാർ സിൽവർ ലൈനിലേക്ക് മാറുന്നതു കാരണം റെയിൽവേക്ക് വരുമാന നഷ്ടമുണ്ടാവുമോ എന്നിങ്ങനെ ചോദ്യങ്ങളാണ് റെയിൽവേ ഉന്നയിച്ചത്.
പദ്ധതിക്ക് റെയിൽവേ, ധനമന്ത്രാലയങ്ങളുടെയും പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും കേന്ദ്ര കാബിനറ്റിന്റെയും അനുമതിയാണ് ഇനിവേണ്ടത്. 975കോടി മൂല്യമുള്ള 185ഹെക്ടർ റെയിൽവേ ഭൂമിയും 2150കോടിയുടെ കേന്ദ്ര ഓഹരിയും വേണം. റെയിൽവേക്കും സംസ്ഥാനത്തിനും ഓഹരിയുള്ള കേരള റെയിൽ വികസന കോർപ്പറേഷനാണ് സെമി-ഹൈസ്പീഡ് റെയിലിന്റെ നിർമ്മാണവും നടത്തിപ്പും. 0.2- 0.5 ശതമാനം പലിശയ്ക്ക് വായ്പനൽകാൻ ജപ്പാൻ ഇന്റർനാഷണൽ കോ-ഓപ്പറേഷൻ ഏജൻസിയും (ജൈക്ക) ഒന്നര ശതമാനം പലിശയ്ക്ക് 7500കോടി വായ്പ നൽകാൻ ഏഷ്യൻ വികസന ബാങ്കും (എ.ഡി.ബി) സന്നദ്ധതയറിയിച്ചിട്ടുണ്ട്. റെയിലിന്റെ ഉപകരണങ്ങളും സിഗ്നലിംഗ് സംവിധാനവും ജപ്പാനിൽ നിന്ന് വാങ്ങണമെന്നാണ് ജൈക്കയുടെ വ്യവസ്ഥ.
ഹരിത വൈദ്യുതിക്ക് പ്രത്യേക
പദ്ധതി: ഡോ. ബി. അശോക്
തിരുവനന്തപുരം : സിൽവർ ലൈനിന് ഹരിത വൈദ്യുതി കണ്ടെത്തുന്നതിനായി 300 മെഗാവാട്ട് സൗരോർജ്ജ- കാറ്റാടി പദ്ധതികൾ ട്രെയിൻ ഓടിത്തുടങ്ങുന്നതിനു മുമ്പ് കമ്മിഷൻ ചെയ്യണമെന്ന് കെ.എസ്.ഇ.ബി ചെയർമാൻ ഡോ.ബി.അശോക് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി. ഇന്നലെ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ നടന്ന ജനസമക്ഷം സിൽവർ ലൈൻ പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.