
ആറ്റിങ്ങൽ: കലാഭവൻ മണി സേവന സമിതി, ആറ്റിങ്ങൽ അറേബ്യൻ ഫാഷൻ ജുവലറി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കലാഭവൻ മണിയുടെ 51-ാം ജന്മദിനാചരണം സംഘടിപ്പിച്ചു. 51 പ്രമുഖ വ്യക്തികൾക്ക് അവാർഡ്, 51 കാൻസർ രോഗികൾക്ക് ധനസഹായം, നിർദ്ധനരായ 51 പേർക്ക് വസ്ത്ര വിതരണം, അവശ കലാകാരന്മാർക്ക് ധനസഹായം, ഷോർട്ട് ഫിലിം ഫെസ്റ്റ് എന്നിവ നടന്നു.
ജന്മദിനാചരണ സമ്മേളനം ആറ്റിങ്ങൽ നഗരസഭാ ചെയർപേഴ്സൺ അഡ്വ. എസ്. കുമാരി ഉദ്ഘാടനം ചെയ്തു. കലാഭവൻ സേവന സമിതി ചെയർമാർ അജിൽ മണിമുത്ത് അദ്ധ്യക്ഷത വഹിച്ചു. രാധാകൃഷ്ണൻ കുന്നുംപുറം മുഖ്യപ്രഭാഷണം നടത്തി. സാംസ്കാരിക സമ്മേളനം മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. ഒ.എസ്. അംബിക എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
നിറവ് പുരസ്കാര വിതരണ സാംസ്കാരിക സമ്മേളനം ഒ.എസ്. അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്തു. കാൻസർ രോഗികൾക്കുള്ള ധനസഹായ വിതരണം അഡ്വ. അടൂർപ്രകാശ് എം.പി നിർവഹിച്ചു. വി.കെ. പ്രശാന്തൻ എം.എൽ.എ, നഗരസഭാ ചെയർപേഴ്സൺ അഡ്വ. എസ്.കുമാരി എന്നിവർ സംസാരിച്ചു. സിനിമാതാരം ഇന്ദ്രൻസ്, നടി സീമ ജി. നായർ, ബഹുഭാഷാ കവി സി.എസ്. ബാലചന്ദ്രൻ നായർ, വാവ സുരേഷ്, പന്തളം ബാലൻ തുടങ്ങി വിവിധ മേഖലയിലെ പ്രതിഭകളായ 20 പേർക്ക് നിറവ് അവാർഡ് വിതരണം ചെയ്തു. സമ്മേളനാനന്തരം നാടൻപാട്ടും നടന്നു.