charcha-nadathunnu

 കോട്ടറക്കോണത്തും പ്രതിഷേധം  ഇന്ന് ചർച്ച

കല്ലമ്പലം: കെ റെയിൽ പദ്ധതിയുടെ ഭാഗമായി സ്ഥലം ഏറ്റെടുക്കാനെത്തിയ ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും കോട്ടറക്കോണത്ത് നാട്ടുകാർ തടഞ്ഞു. ഇന്ന് വൈകിട്ട് നാട്ടുകാരും ജനപ്രതിനിധികളുമായും നടക്കുന്ന ചർച്ചകൾക്ക് ശേഷം കല്ലിടൽ തുടരാൻ തീരുമാനിച്ചു.

കഴിഞ്ഞദിവസം പുതുശേരിമുക്കിലും മരുതിക്കുന്നിലും നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് കല്ലിടൽ നിറുത്തിവച്ചിരുന്നു. ഇന്നലെ കോട്ടറക്കോണം കപ്പാംവിള ഭാഗത്തേക്ക് കല്ലിടൽ കടക്കുന്നതിനിടയിലാണ് നാട്ടുകാർ പ്രതിഷേധവുമായെത്തിയത്. നഷ്ടപരിഹാരം സംബന്ധിച്ച് ഉറപ്പും വ്യക്തതയും അധികൃതർ നൽകിയില്ലെന്നും വസ്തുവിൽ അതിക്രമിച്ചുകയറിയുള്ള കല്ലിടൽ അനുവദിക്കില്ലെന്നുമുള്ള നിലപാടിൽ നാട്ടുകാർ ഉറച്ചുനിന്നു. പുനരധിവാസം സംബന്ധിച്ച് വ്യക്തത വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

തങ്ങളെ അറസ്റ്റുചെയ്‌ത ശേഷം മാത്രമേ കല്ലിടാൻ അനുവദിക്കൂവെന്ന നിലപാടുമായി സ്ത്രീകളും രംഗത്തെത്തിയതോടെ പ്രതിഷേധം ശക്തമായി. വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകരും സമരത്തിന് അനുകൂലമായതോടെയാണ് ഉദ്യോഗസ്ഥർ പിന്മാറിയത്.

ഒടുവിൽ സ്ഥലം എം.പി, എം.എൽ.എ, മറ്റ് രാഷ്ട്രീയകക്ഷികൾ, നാട്ടുകാർ, പഞ്ചായത്ത് അംഗങ്ങൾ, റവന്യൂ അധികൃതർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഇന്ന് വൈകിട്ട് 4ന് കല്ലമ്പലം പൊലീസ് സ്റ്റേഷനിൽ ചർച്ച നടത്തി ഭൂമി നഷ്ടമാകുന്നവരുടെ ആശങ്കകൾ പരിഹരിക്കാമെന്ന ഉറപ്പിലാണ് പ്രതിഷേധം അവസാനിച്ചത്.