jg

തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയതാരം ജഗതി ശ്രീകുമാറിന് ഇന്ന് 71-ാം ജന്മദിനം. തൃക്കേട്ട നക്ഷത്രക്കാരനായ ജഗതിയുടെ നാളനുസരിച്ചുള്ള പിറന്നാൾ പുതുവർഷ ദിനത്തിലായിരുന്നു. അടുത്തകാലത്ത് ജഗതി യുടെ ഭാര്യ ശോഭയുടെ സഹോദരൻ മരിച്ചതിനാൽ ഇന്ന് പേയാട്ടെ വീട്ടിൽ ജന്മദിന ആഘോഷങ്ങളൊന്നുമില്ല. 2012 മാർച്ചിലുണ്ടായ വാഹനാപകടത്തെത്തുടർന്ന് വിശ്രമത്തിലായ ജഗതി വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്നു എന്ന വാർത്തയാണ് ഈ ജന്മദിനത്തിൽ ആരാധകരെ സന്തോഷിപ്പിക്കുന്നത്. സി.ബി.ഐ ഡയറിക്കുറിപ്പിന്റെ അ‌ഞ്ചാം ഭാഗത്തിലാണ് അദ്ദേഹം അഭിനയിക്കുക.

നാലു ഭാഗങ്ങളിലെന്ന പോലെ വിക്രം എന്ന കഥാപാത്രമായി ജഗതി ഉണ്ടാകണമെന്ന് മമ്മൂട്ടി നിർദ്ദേശിച്ചതിനെ തുടർന്നാണ് അദ്ദേഹത്തെ ഉൾപ്പെടുത്താൻ സംവിധായകൻ കെ.മധു തീരുമാനിച്ചത്. ഇക്കാര്യം ഭാര്യ ശോഭയും മകൻ രാജ്‌കുമാറും ജഗതിയോട് പറഞ്ഞപ്പോൾ നിറഞ്ഞ ചിരിയായിരുന്നു ആ മുഖത്ത് വിടർന്നത്. തുടർന്ന് സിനിമയുടെ നാലു ഭാഗങ്ങളും വീട്ടുകാർ ടി.വി സ്ക്രീനിൽ കാണിച്ചുകൊടുത്തു. അ‌ഞ്ചാം ഭാഗത്തിന്റെ ഷൂട്ടിംഗ് കൊച്ചിയിൽ പുരോഗമിക്കുകയാണ്. ജഗതിയുടെ സീനുകൾ അദ്ദേഹത്തിന്റെ വസതിയിൽ തന്നെ ചിത്രീകരിക്കാനാണ് അണിയറ പ്രവർത്തകരുടെ ആലോചന.

മകൻ രാജ് ‌കുമാർ ഒരുക്കിയ പരസ്യചിത്രത്തിലൂടെയാണ് അപകടശേഷം ആദ്യമായി ജഗതി കാമറയ്ക്ക് മുന്നിലെത്തിയത്. ഈ അടുത്ത കാലത്ത് ഒരു സിനിമയിൽ അഭിനയിച്ചുവെങ്കിലും പൂർത്തിയായില്ല. സി.ബി.ഐ അഞ്ചാം ഭാഗത്തിനു ശേഷം മറ്റ് സിനിമകളിലും അഭിനയിക്കുമെന്ന് രാജ്‌കുമാർ പറഞ്ഞു. ഇപ്പോൾ അദ്ദേഹം ടി.വിയിൽ വാർത്തയും സിനിമയുമൊക്കെ കാണും. പാട്ട് മൂളും. മുഖത്ത് ഭാവങ്ങൾ വരുത്തുമെന്നും ഭാര്യ ശോഭ പറഞ്ഞു.