rail

തിരുവനന്തപുരം: സിൽവർ ലൈനിനെക്കുറിച്ച് ഉയരുന്ന ആശങ്കകൾക്ക് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ആശങ്കകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും 2018 മുതൽ പദ്ധതിയുടെ ആസൂത്രണം ആരംഭിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

സിൽവർലൈൻ കേരളത്തെ രണ്ടായി വിഭജിക്കുമെന്ന ആരോപണത്തിൽ കഴമ്പില്ല. ഓരോ 500 മീറ്ററിലും ആളുകൾക്ക് പാത മുറിച്ചുകടക്കാൻ മേൽപ്പാലം,​ അടിപ്പാത എന്നിവയുണ്ടാവും. പാതയുടെ 25% ദൂരം തൂണുകൾ,​ തുരങ്കങ്ങൾ എന്നിവയിലൂടെയാണ്. ബഫർ സോൺ 10 മീറ്റർ മാത്രം. പദ്ധതി നിർമ്മാണത്തിന് നാലു വരി ദേശീയപാതയേക്കാൾ കുറവ് സ്ഥലം മതിയെന്നും അദ്ദേഹം വ്യക്തമാക്കി.

 പ്രളയത്തെ പേടിക്കേണ്ട

നിലവിലെ റെയിൽവേ എംബാങ്ക്‌മെന്റുകൾക്കു സമാനമാണ് സിൽവർ ലൈൻ എംബാങ്ക്‌മെന്റ്. ഒരു പ്രളയവും ഈ പദ്ധതിയുടെ എംബാങ്ക്‌മെന്റ് ഉണ്ടാക്കുന്നില്ല. നിലവിലെ നീരൊഴുക്ക് സംവിധാനങ്ങൾ കൂടുതൽ വിപുലപ്പെടുത്തും.

 വേണ്ടത് വേഗം

തിരുവനന്തപുരം- മംഗലാപുരം റെയിൽപ്പാതയിൽ 19 കിലോമീറ്റർ മാത്രമാണ് ഇരട്ടിപ്പിക്കാനുള്ളത്. എന്നിട്ടും വേഗത കൂടിയില്ല. തിരുവനന്തപുരം- കാസർകോട് പാതയിൽ 626 വളവുകളുള്ളതാണ് കാരണം. ജനസാന്ദ്രതയേറിയ പ്രദേശത്തെ വളവുകൾ നിവർത്താൻ സിൽവർലൈനിന് വേണ്ടതിനേക്കാൾ ഭൂമി ആവശ്യമാണ്. 36% ട്രാക്ക് വളവുകളിലാണ്. എക്സ്‌പ്രസ് ട്രെയിനുകളുടെ ശരാശരിവേഗം 45 കി.മീ മാത്രം. ഇരട്ടപ്പാത വന്നാലും കാസർകോട്- തിരുവനന്തപുരം യാത്രയിൽ അരമണിക്കൂറേ ലാഭിക്കാനാവൂ.

 റോഡ് പോരാ

ദേശീയപാതാ വികസനത്തെ സിൽവർ ലൈനുമായി താരതമ്യപ്പെടുത്തുന്നത് തെറ്റാണ്. വാഹനങ്ങളുടെ എണ്ണം പ്രതിവർഷം 11ശതമാനം കൂടുന്നതിനാൽ ദേശീയപാത നാലു വരിയാക്കി വികസിപ്പിച്ചാലും മതിയാവാതെ വരും. സിൽവർ ലൈനിന് നാലുവരിപ്പാതയേക്കാൾ കുറഞ്ഞ ഭൂമി ഏറ്റെടുത്താൽ മതി.

 ചെലവും ലാഭവും

പലിശയും നികുതികളുമടക്കം 2025 വരെയുള്ള ചെലവാണ് 63,​941കോടി. ചെലവിൽ 8.49 ശതമാനം പ്രതിവർഷം തിരിച്ചുകിട്ടും. സംസ്ഥാനത്തിന്റെയും റെയിൽവേയുടെയും 10,300 കോടി രൂപ ഓഹരിയുണ്ട്. പതിനായിരം സ്വകാര്യവ്യക്തികളുടെ 4352 കോടിയുടെ ഓഹരി. 13.55% ലാഭം കിട്ടും.യാത്രാസമയലാഭം, അപകടങ്ങളും മരണങ്ങളും കുറയുന്നത് എന്നിവ കണക്കാക്കുമ്പോൾ സാമ്പത്തിക ആനുകൂല്യം 24 ശതമാനമാവും.

കിലോമീറ്ററിന് 2.75 രൂപ

150 കിലോമീറ്ററിലധികം യാത്രചെയ്യുന്ന,​ 1,58,271 കാർ, ടാക്സി യാത്രക്കാരിൽ 12% സിൽവർ ലൈനിലേക്കു മാറും.18,000 പേരെയാണ് പ്രതീക്ഷിക്കുന്നത്. ബസ് യാത്രികരായ 88,000 പേരിലും ട്രെയിൻ യാത്രികരായ 91,000 പേരിലും 12 മുതൽ 15% വരെ ആളുകൾ കെ- റെയിലിലെത്തും. ഹ്രസ്വദൂര യാത്രക്കാർ പുറമേ. ഒരു കിലോമീറ്റർ യാത്രയ്ക്ക് കാറിൽ 10 രൂപ,​ ടാക്സിയിൽ 15 രൂപ എന്നിങ്ങനെയാണ് നിരക്ക്. സിൽവർ ലൈനിൽ 2.75 രൂപ മാത്രം.

 പദ്ധതിരേഖ

വിവരാവകാശ നിയമത്തിന്റെ 8 (1)ഡി, 8(1) ഇ സെക്ഷനുകൾ പ്രകാരം പൂർണമായ പദ്ധതിരേഖ പുറത്തുവിടേണ്ടതില്ല. അലൈൻമെന്റ് വെബ്സൈറ്റിലുണ്ട്. ഡി.പി.ആർ പുറത്തുവിടേണ്ടെന്ന് വിവരാവകാശ കമ്മിഷൻ ഉത്തരവുണ്ട്. സുപ്രീംകോടതിയും ഇക്കാര്യം അംഗീകരിച്ചിട്ടുണ്ട്. പ്രമുഖ പദ്ധതികളുടെ ഡിപിആർ പുറത്തുവിടാറില്ല. ഇക്കാര്യത്തിൽ ഒളിക്കാൻ ഒന്നുമില്ല.

ബ്രേഡ്ഗേജിലല്ലേ വേണ്ടത്?​

ബ്രോഡ്ഗേജ് റെയിൽപ്പാതയിൽ 160 കിലോമീറ്ററിലേറെ വേഗത പറ്റില്ല. ഡൽഹി- മീററ്റ് പാതയിൽ മാത്രമാണ് 160കി.മി വേഗം. ഇപ്പോഴത്തെ സാഹചര്യത്തിൽ വേഗം 130കി.മീ മാത്രം. വേഗത കൂട്ടാൻ ട്രാക്ക് മാറ്റണം. സിഗ്നലിംഗും ട്രെയിനുകളും മാറ്റേണ്ടിവരും. ഇന്ത്യയിൽ 160 കിലോമീറ്ററിലേറെ വേഗതയിലോടിക്കാൻ സാങ്കേതികവിദ്യ ഇല്ലാത്തതിനാലാണ് സിൽവർ ലൈൻ സ്റ്റാൻഡേർഡ് ഗേജിലാക്കിയത്. മുംബയ്- അഹമ്മദാബാദ് ഹൈസ്പീഡ് റെയിൽ, ഡൽഹി- മീററ്റ്, ഡൽഹി- വാരണാസി, മുംബയ്- നാഗ്പൂർ എന്നിവയെല്ലാം സ്റ്റാൻഡേർഡ് ഗേജിലാണ്.

 വിഭജിക്കാനല്ല വേലി

റെയിൽവേ നിയമപ്രകാരം 140 കിലോമീറ്ററിലേറെ വേഗത്തിൽ ട്രെയിൻ ഓടിക്കാൻ ട്രാക്കിന് ഇരുവശവും ഫെൻസിംഗ് (വേലി) വേണം. ആളുകളോ മൃഗങ്ങളോ പാത മുറിച്ചുകടക്കുമ്പോൾ അപകടമുണ്ടാകാതിരിക്കാനാണ് ഇത്. ഇതുപ്രകാരമാണ് സിൽവർലൈനിന് ഇരുവശവും സംരക്ഷണവേലി കെട്ടുക. ഇത് ചൈനാ വന്മതിൽ പോലെയല്ല. 137കിലോമീറ്ററിൽ തുരങ്കപാതയാണ്.