തിരുവനന്തപുരം: കിള്ളിപ്പാലം ബണ്ട് റോഡിൽ ആക്രി ഗോഡൗണിൽ തീപിടിത്തമുണ്ടായതിന്റെ കാരണം അവ്യക്തം. വൈദ്യുതി തൂണിൽ നിന്ന് തീപ്പൊരിവീണ് ആക്രി സാധനങ്ങളിൽ തീപിടിച്ചെന്ന ഉടമയുടെ വാദം തള്ളുകയാണ് ഫയർഫോഴ്സും പൊലീസും. ഫോറൻസിക് വിഭാഗം ഇന്നലെ ഗോഡൗണിൽ പരിശോധന നടത്തി. തീപിടിച്ച സ്ഥലത്തു നിന്ന് സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഗോഡൗൺ പ്രവർത്തിച്ചിരുന്ന താത്കാലിക ഷെഡിൽ വൈദ്യുതി കണക്ഷനില്ല. കോർപ്പറേഷൻ ലൈസൻസോ മറ്റ് രേഖകളോ ഇല്ലാതെയായിരുന്നു സ്ഥാപനത്തിന്റെ പ്രവർത്തനം.
ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറ്റേറ്റ് അധികൃതരുടെ പരിശോധനയിലും വൈദ്യുതി തൂണിൽ നിന്ന് തീപിടിക്കാനുള്ള സാദ്ധ്യത വിദൂരമാണെന്നാണ് കണ്ടെത്തൽ. അകത്തുനിന്ന് തീപടരാനുള്ള സാദ്ധ്യത പരിശോധിക്കുന്നുണ്ട്. സ്ഥാപനത്തിനകത്ത് നിന്നാണ് തീ പുറത്തേക്ക് പടർന്നതെന്നാണ് നാട്ടുകാരിൽ ഒരു വിഭാഗം ആരോപിക്കുന്നത്. തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെയാണ് കരമനയിൽ നിന്ന് ആറ്റുകാൽ ക്ഷേത്രത്തിലേക്ക് പോകുന്ന ബണ്ട് റോഡിലെ ആക്രി ഗോഡൗണിന് തീപിടിച്ചത്. ഫയർഫോഴ്സും പൊലീസും നാട്ടുകാരും മണിക്കൂറുകൾ പരിശ്രമിച്ചാണ് തീകെടുത്തിയത്.
ജനവാസമേഖലകളിലെ ആക്രിക്കടകൾ മാറ്റണം
ഇതിനിടെ നഗരത്തിലെ ജനവാസ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന ആക്രിക്കടകൾ മാറ്റണമെന്ന് കോർപറേഷനോട് ഫയർഫോഴ്സ് ആവശ്യപ്പെട്ടു. വാണിജ്യകേന്ദ്രങ്ങൾക്ക് സുരക്ഷാ സംവിധാനങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കാൻ
പരിശോധന കർശനമാക്കും. തീപിടിത്തം സംബന്ധിച്ച് ജില്ലാ ഫയർഫോഴ്സ് ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ.
തീപിടിത്തത്തിൽ കേടുപറ്റിയ ശിവകുമാർ-പ്രിയ ദമ്പതികളുടെ വീടിന് ബലക്ഷയമുണ്ടായതായും ഫയർഫോഴ്സ് പറഞ്ഞു. ഫയർഫോഴ്സിന്റെ അന്വേഷണ റിപ്പോർട്ട് വരും ദിവസങ്ങളിൽ കളക്ടർക്കും ഡി.ജി.പിക്കും കൈമാറും. അതേസമയം നഗരത്തിലെ എല്ലാ ആക്രിക്കടകളിലും പരിശോധന നടത്താൻ സിറ്റി പൊലീസ് കമ്മിഷണർ നിർദ്ദേശം നൽകി.